വൃക്കരോഗം(കിഡ്നി ) നിസാരമല്ല, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

വൃക്കകൾ ശരീരത്തിൽ വഹിക്കുന്ന പങ്ക് നിസാരമല്ല, വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങൾ, ഭക്ഷണ രീതികൾ എല്ലാം തന്നെ പലപ്പോഴും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയാൻ ഇടയാക്കുന്നുണ്ട്.
മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജ്ജനാവയവങ്ങളായ വൃക്കകള്‍ (kidneys) ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു. ഏകദേശം 11cm x 6cm x 3cm വലിപ്പമുള്ള ഈ ജോഡി അവയവങ്ങളുടെ പ്രവര്‍ത്തനം മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്ക് തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്.
നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. ശരീരത്തിലെ ജലാംശത്തിന്‍റെയും, ലവണങ്ങളുടെയും സംതുലനം, രക്തസമ്മര്‍ദനിയന്ത്രണം, രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (Red blood cells) ഉത്പാദനക്രമീകരണം, അസ്ഥികളുടെ രൂപീകരണത്തിനാവശ്യമായ ജീവകം ഡി സജീവമായ രൂപത്തിലാക്കല്‍ എന്നിവയും വൃക്കകളുടെ പ്രവര്‍ത്തനങ്ങളാണ്.
പ്രവർത്തനക്ഷമത കുറഞ്ഞ വൃക്കകളെങ്കിൽ ഇത് പലപ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് വൃക്ക തകരാറ് എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു.
ഈ രോഗാവസ്ഥയുള്ളവരുടെ എണ്ണം കൊല്ലം തോറും കൂടി വരുന്നു. അമിതവണ്ണം, പ്രമേഹം, രക്താദിസമ്മര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നിവയുണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരം ദ്രാവകം നിലനിർത്തുന്നത് കാരണം പാദങ്ങളുടെയും കാലുകളുടെയും വീക്കം വർദ്ധിക്കുന്നു. ഇത് പാദങ്ങളിലും മുഖത്തും എല്ലാം നീർവീക്കത്തിന് കാരണമാകുന്നുണ്ട്. ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവുക, പേശിവലിവ്, വിരലുകളിലോ കാൽവിരലുകളിലോ മരവിപ്പ്, വിശപ്പില്ലായ്മ, വായിൽ ലോഹ രുചി തോന്നുന്നത് എല്ലാം വൃക്കരോഗം പ്രവർത്തന ക്ഷമമല്ല എന്നതിന്റെ ലക്ഷണങ്ങളാണ്.
മൂത്രത്തില്‍ പത, മൂത്രത്തില്‍ കലര്‍പ്പും രക്തത്തിന്‍റെ അംശവും കാണുക, മൂത്രത്തിന്‍റെ അളവ് കുറയുക, ചര്‍ദ്ദില്‍, ഓക്കാനം, രക്കതാദിസമ്മര്‍ദം, ക്ഷീണം, വിളര്‍ച്ച ഇതു കൂടാതെ ശ്വാസ തടസ്സം, അപസ്മാരം, ബോധം നഷ്ട്പ്പെടല്‍, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്.
ചില വ്യക്തികളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെതന്നെ വൃക്ക രോഗമുണ്ടാകാറുണ്ട്. രോഗം വളരെ പുരോഗമിച്ചു മൂര്‍ധന്യത്തില്‍ എത്തിയ ശേഷമേ ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുള്ളൂ. കൂടുതൽ അപകടാവസ്ഥയിലേക്ക് പോവാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
എന്നാൽ രോഗത്തെ മനസ്സിലാക്കുന്നതിനും രോഗത്തെക്കുറിച്ച് അറിയുന്നതിനും പലപ്പോഴും കഴിയാതെ വരുന്നുണ്ട്. കാരണം വൃക്ക തകരാറ് ഉള്ളവരിൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാതെ വരുന്നതാണ് കൂടുതൽ രോഗം അപകടകാവസ്ഥയിലേക്ക് എത്തിക്കുന്നത്. എന്നാൽ എന്താണ് വൃക്ക തകരാറുകൾ, എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നില നമുക്ക് പരിശോധിക്കാം. ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണം ചെറുതാണെങ്കിലും കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്.
രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുവാനുള്ള പ്രവണത പ്രമേഹരോഗികളില്‍ വളരെ കൂടുതലാണ്. ഈ പ്രക്രിയ വൃക്കകളിലേക്കുള്ള രക്തക്കുഴലുകളെ ബാധിച്ചാല്‍ വൃക്കകളിലേക്കുള്ള രക്തത്തിന്‍റെ അളവ് കുറഞ്ഞ് അവയുടെ പ്രവര്‍ത്തനം കുറയുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാവുമ്പോള്‍ നാഡിവ്യൂഹത്തിനെ ബാധിച്ച് മൂത്രസഞ്ചിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ഇത് നിമിത്തം മൂത്രം കെട്ടി നിൽക്കുവാന്‍ ഇടവരുകയും മൂത്രത്തില്‍ അണുബാധ ഉണ്ടാവുകയും ചെയ്യുന്നു. ഈ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നു. പ്രമേഹ രോഗ തുടക്കത്തില്‍ വളരെ ചെറിയ അളവുകളില്‍ കാണുന്ന ആല്‍ബുമിന്‍ (മൈക്രോ ആല്‍ബുമിന്യൂറിയ) ക്രമേണ കൂടിവരികയും, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വൃക്കയുടെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യും.
രക്തത്തിൽ പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ്, രക്തസമ്മര്‍ദം, പാരമ്പര്യ ഘടകങ്ങള്‍, പുകവലി എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
അണുബാധ, എലിപ്പനി, മലേറിയ, കര്‍പ്പനും മറ്റു ചില അണുബാധകള്‍ക്കും ശേഷമുണ്ടാകുന്ന ഗ്ലോമെറുലോ നെഫ്രൈറ്റിസ്, ചില തരം മരുന്നുകള്‍ (വേദന സംഹാര ഗുളികകള്‍, ചില ആന്റിബയോട്ടിക്കുകള്‍, അര്‍ബുദ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകള്‍, ലോഹങ്ങള്‍ അടങ്ങിയിരിക്കുന്ന ചില മരുന്നുകള്‍), വിഷാംശമുള്ള വസ്തുക്കള്‍, സര്‍പ്പദംശനം എന്നിവ താല്‍ക്കാലിക വൃക്കസ്തംഭനമുണ്ടാക്കാം
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഗ്ലോമെറുലോ നെഫ്രൈറ്റിസ് എന്നു പറയുന്ന രോഗസമുച്ചയം, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, മൂത്ര നാളികളിലുണ്ടാവുന്ന തടസ്സങ്ങള്‍, ജന്മനാലുണ്ടാവുന്ന ചില വൈകല്യങ്ങള്‍ എന്നിവയാണ് സഥായിയായ വൃക്ക സ്തംഭനത്തിന്‍റെ കാരണങ്ങള്‍.
തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് അത്യന്താപേക്ഷിതമാണ്. വൈകിയ വേളയില്‍ വൃക്കരോഗം കണ്ടുപിടിച്ചാല്‍ മരുന്നുകളുടെ ഫലം കാര്യമായി കുറയും. അതിനാല്‍, വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങളുള്ള വ്യക്തികളും വൃക്കരോഗം ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഒരു വൃക്കരോഗവിദഗ്ധന്‍റെ അഭിപ്രായം ആരാഞ്ഞ് ചികിത്സ നടത്തേണ്ടതാണ്.
വൃക്കരോഗം കണ്ടെത്തുന്നതിന്, ഡോക്ടർ നിങ്ങളോട് രക്തപരിശോധനയോ മൂത്രപരിശോധനയോ നടത്തുന്നതിന് പറയേണ്ടതാണ്. ഒരു രക്തപരിശോധന നടത്തുന്നതിലൂടെ അതിൽ ക്രിയേറ്റിനിന്റെ അളവ് മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്. രക്തത്തിലെ ക്രിയാറ്റിന്റെ അളവ് അമിതമാണെങ്കിൽ വൃക്കകൾ പ്രവർത്തന രഹിതമാക്കുന്നുണ്ട്. ഇത് കൂടാതെ വൃക്കകൾ തകരാറിലായാൽ മൂത്രത്തിലൂടെ കടന്നുപോകുന്ന പ്രോട്ടീനായ ആൽബുമിൻ പരിശോധനയും നടത്തേണ്ടതാണ്.
പലതരം വൃക്കരോഗങ്ങളും മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുവാന്‍ കഴിയും. ശരിയായ ഭക്ഷണക്രമങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്; രോഗത്തിന്‍റെ അവസ്ഥയനുസരിച്ച് വൃക്കരോഗ വിദഗ്ധര്‍ ഭക്ഷണ ക്രമം നിര്‍ദ്ദേശിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തന൦ 85 ശതമാനത്തിലധികം കുറയുമ്പോള്‍ രോഗിക്ക് ഡയാലിസിസ് എന്ന ചികിത്സ ആവശ്യമായി വരുന്നു.
വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനം നിർവഹിക്കുന്നതിന് ഡയാലിസിസ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഡയാലിസിസ് ചെയ്യുന്നത് വൃക്കസംബന്ധമായ പ്രശ്നങ്ങളെ ഭേദമാക്കുന്നില്ല. എന്നാൽ അത് ഒരു വ്യക്തിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്.
ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ വൃക്കരോഗം തടയുവാനോ, അതിന്‍റെ പുരോഗതി മന്ദഗതിയിലാക്കുവാനോ സാധ്യമാണ്. ആഹാര നിയന്ത്രണം പാലിക്കുക, കൃത്യമായ വ്യായാമം പാലിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, രക്തത്തില്‍ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, അമിതവണ്ണം ഒഴിവാക്കുക, രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കുക, ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ മരുന്നുകള്‍ കഴിക്കാതിരിക്കുക.