ചക്ക മഹോത്സവം ഗ്രാമീണതയ്ക്ക് വേറിട്ട അനുഭവമായി

Share

കുണ്ടംകുഴി: തുടർച്ചയായി പത്തു വർഷം ചക്ക മഹോത്സവം നടത്തുന്ന കറ്റിയടുക്കം ലീഡർ സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ചക്ക മഹോത്സവം ഗ്രാമീണതയുടെ മനോഹാരിത വിളിച്ചോതുന്നതായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ

ബാലകൃഷ്ണൻ പെരിയ ചക്ക കൊണ്ട് ഉണ്ടാക്കിയ കേക്ക് മുറിച്ചു കൊണ്ട് ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. 25 ലധികം വായനശാല വനിതാ പ്രവർത്തകർ വ്യത്യസ്ഥ ചക്ക വിഭവങ്ങൾ ഉണ്ടാക്കി വായനശാലയിൽ പ്രദർശനത്തിന് തയ്യാറാക്കി കൊണ്ടുവന്നു. ചക്കയുടെ പ്രാധാന്യം വരും തലമുറക്ക് പകർന്നു നൽകാനും ഇതിലൂടെ വീട്ടമ്മമാർക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്താനും സാധിക്കുമെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

ചടങ്ങിൽ 65 വർഷക്കാലം വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും കാവുകളിലും, തെയ്യക്കോലും കെട്ടിയ ഫോക്ലോർ അവാർഡ് ജേതാവുമായ വാവടുക്കത്തെ അമ്പു പണിക്കരെ ആദരിച്ചു. വിവിധ ക്ഷേത്ര ഉത്സവപ്പറമ്പുകളിൽ തന്റേതായ ശൈലിയിൽ ഗാനം ആലപിച്ചുകൊണ്ട് ജനങ്ങളെ ആകെ ആനന്ദിപ്പിക്കുന്ന സുരേന്ദ്രൻ നേരയെ അനുമോദിക്കുകയും ചെയ്തു. വായനശാലയുടെ മുതിർന്ന അംഗം ബേഡകം കാമലോൻ തറവാട് കാരണവർ വി.കെ.ശേഖരൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ വായനശാല പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ മാടക്കല്ല് അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ശ്രീജിത്ത് മാടക്കൽ, കുഞ്ഞമ്പുനായർ, മാധവൻ നായർ, നവ്യശ്രീ, ധ്യാനവ്, ബാലചന്ദ്രൻ ചെറുവത്തൂർ, ജയരാമൻ, രാജേഷ് മടക്കൽ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Back to Top