അക്ഷര ലോകം – കാസർഗോഡ്. വളർന്നു വരുന്ന യുവ എഴുത്തുകാരി ശ്രുതി മേലത്ത് പാക്കം എഴുതുന്നു…….

Share

ഞാൻ ശ്രുതി മേലത്ത്. പാക്കം സ്വദേശിനിയാണ്. അക്ഷരലോകം എന്നത് അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്.അ ക്ഷരങ്ങളാകുന്ന അഗ്നിയുടെ വിശുദ്ധി മനസ്സിലാക്കുമ്പോൾ നമ്മളിൽ നിന്ന് അകന്നു പോകുന്നത് ദേഷ്യവും വെറുപ്പുമൊക്കെയാണ്. കുഞ്ഞുനാളിലെ ഉണ്ടായിരുന്ന ഒരു ആഗ്രഹമായിരുന്നു എന്റേതായിട്ട് ഒരു ബുക്ക് ചെയ്യണം എന്നുള്ളത്. പിന്നെ എന്തോ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ കൂടി വന്നപ്പോൾ ആ ആഗ്രഹം എന്നെ വിട്ടു പോയതോ ഞാൻ അതിനെ മറന്നു പോയതോ എന്നറിയില്ല. പക്ഷേ നാം തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അതിലേക്ക് ഏതോ ഒരു ശക്തി നമ്മളെക്കൊണ്ട് എത്തിക്കും എന്നുള്ളത് പോലെ 2020 നവംബർ ആറിന് എന്റെ ആദ്യ പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്തു. ഇത്തിരി വെളിച്ചം എന്ന എന്റെ ആദ്യ നോവൽ ആയിരുന്നു അത്. നമ്മുടെ അനുഭവങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരുടെ അനുഭവങ്ങളോ മനസ്സിൽ തട്ടി എഴുതുമ്പോൾ ആണല്ലോ ഓരോ വാക്കുകൾക്കും ജീവൻ വെയ്ക്കുന്നത്. എന്റെ ഇത്തിരി വെളിച്ചം എന്ന നോവലിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ജീവിതത്തിൽ കൈപ്പേറിയ അനുഭവങ്ങൾ വരുമ്പോൾ എങ്ങനെയൊക്കെ അവയെ തരണം ചെയ്യാം എന്നുള്ളതും വരച്ചു കാട്ടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തളർന്നിരുന്നത് കൊണ്ട് ഇന്നുവരെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. നമ്മുടെ ജീവിതയാത്രയിൽ നമ്മെ ചേർത്തുനിർത്തിയവരും വേദനിപ്പിച്ചവരും ഒക്കെ ഉണ്ടാവും. ഓരോ അനുഭവങ്ങളും ഓരോ ജീവിതപാഠങ്ങളായെടുത്തു മുന്നേറുമ്പോഴാണ് നമ്മുടെ ജീവിതത്തിന് സൗന്ദര്യം ഉണ്ടാവുന്നത്. ഇത്തിരി വെളിച്ചമെന്ന എന്റെ നോവൽ എന്റെ ജീവിതത്തിൽ ഒത്തിരി വെളിച്ചം വിതറി എന്നുള്ളതാണ് സത്യം. ഇനിയും നിങ്ങൾ തരുന്ന സ്നേഹവും പ്രോത്സാഹനവും ഉണ്ടാവുമെന്ന വിശ്വാസത്തോടെ…
ശ്രുതി മേലത്ത്

Back to Top