പൊന്നമ്പലമേട്ടിലെ പൂജ ആചാരവിരുദ്ധമെന്ന് പോലീസ് FIR, നാരായണനായി തിരച്ചൽ

Share

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജനടത്തിയ നാരായണൻ നമ്പൂതിരിക്കായി തിരച്ചിൽ തുടരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് എട്ടിനാണ്  പൊന്നമ്പലമേട്ടിലെത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാരായണൻ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുൻ പരിചയമുണ്ടായിരുന്നു. സംഘത്തെ കൊണ്ടുപോയത് വനംവികസന കോർപ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യയും സാബു മാത്യൂസുമാണെന്നുമാണ് വിവരം.

എട്ടാം തീയതി ചെന്നൈയിൽ നിന്നുള്ള ഏഴംഗ സംഘം വള്ളക്കടവിൽ എത്തി. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു സംഘം. ഇതിൽ ആറുപേർ തമിഴ്നാട് സ്വദേശികളാണ്. തൃശ്ശൂർ സ്വദേശിയായ നാരായണൻ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.

7.25-ന് രാവിലെ വള്ളക്കടവിലെത്തിയ സംഘം പത്ത് കിലോമീറ്റർ കാൽനടയായി വനത്തിലൂടെ സഞ്ചരിച്ചാണ് പൊന്നമ്പലമേട്ടിലെത്തിയത്. നാരായണൻ നമ്പൂതിരി ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന കാലത്ത് ശബരിമല ദർശനത്തിയപ്പോഴാണ് കറുപ്പയ്യയും സാബു മാത്യൂസുമായും പരിചയത്തിലാകുന്നത്.

ആറുപേർക്കൊപ്പമാണ് നാരായണൻ നമ്പൂതിരി വള്ളക്കടവിൽ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാൻ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നൽകി. പണം കൈമാറിയ ശേഷം ഗവി റൂട്ടിൽ മണിയാട്ടി പാലം വഴി പത്ത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 11.30-ന് സംഘം പൊന്നമ്പലമേട്ടിലെത്തി. ഒരു മണിക്കൂർ അവിടെ ചെലവഴിച്ചുവെന്നും കണ്ടെത്തി.

ദേവസ്വം ബോർഡിന്റെ പരാതിയിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പത്തനംതിട്ട മൂഴിയാർ പോലീസുകൂടി കേസെടുത്തു. തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ദേവസ്വം ബോർഡിന്റെ കൈവശത്തിലും നടത്തിപ്പിലുമുള്ള ഹിന്ദു മതവിശ്വാസികൾ പവിത്രവും പരിപാവനവും ശബരിമല ശാസ്താവിന്റെ മൂലസ്ഥാനവുമായി കരുതുന്ന പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പരിപാവനതയെ കളങ്കപ്പെടുത്തണമെന്നും അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ആചാരവിരുദ്ധമായ പൂജ നടത്തി വിശ്വാസികളെ അവഹേളിച്ചുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 295, 295-എ, 447, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. പോലീസിന്റെ എഫ്.ഐ.ആറിൽ പ്രതികളായി ആരേയും ചേർത്തിട്ടില്ല.

സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ ദേവസ്വം മന്ത്രിക്ക് സമർപ്പിച്ചു.

Back to Top