ഗോ ഫസ്റ്റിന്റെ പാപ്പർ ഹർജി അംഗീകരിച്ചു: ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

Share

പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യം ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചു. കമ്പനിയുടെ നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനായി അഭിലാഷ് ലാലിനെ നിയമിക്കുകയും ചെയ്തു. ജീവനക്കാരെ പരിച്ചുവിടരുതെന്നും ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

മെയ് 19വരെ എല്ലാ വിമാന സർവീസുകളും കമ്പനി നിർത്തിവെച്ചിട്ടുണ്ട്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിർദേശിച്ചു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രതിസന്ധിയിലായ ഗോ ഫസ്റ്റ്. തകരാറിലായവയ്ക്ക് പകരമുള്ള എൻജിനുകൾ അമേരിക്കൻ ഏജൻസിയായ പ്രാറ്റ് ആൻഡ് വിറ്റ്നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്.

വിവധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. മൊത്തം ബാധ്യതയാകട്ടെ 11,463 കോടി രൂപയുമാണ്. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നീ അഞ്ച് ബാങ്കുകൾ ചേർന്നാണ് ഇത്രയും തുക നൽകിയിട്ടുള്ളത്. കടം പുനഃക്രമീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും കുടിശ്ശിക അടയക്കുന്നത് ഒഴിവാക്കാനുള്ള നീക്കമല്ല ഇതിനു പിന്നിലെന്നും കമ്പനി നിയമ ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. മെയ് രണ്ടിനാണ് കമ്പനി പാപ്പരത്ത നടപടിക്കായി അപേക്ഷ നൽകിയത്.

Back to Top