ഷാറുഖിന്റെ ഭീകരബന്ധം പറയാറായിട്ടില്ല, ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്താനാകില്ല: ഡിജിപി

Share

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവച്ച പ്രതി ഷാറുഖ് സെയ്ഫിക്ക് വിശദമെഡിക്കല്‍ പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധന ആവശ്യമാണ്. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍. ഭീകരബന്ധമടങ്ങമുള്ള കാര്യങ്ങൾ നിലവിൽ പറയാറായിട്ടില്ല. ആക്രമണത്തിന്റെ പൂർണചിത്രം ലഭിച്ചാൽമാത്രമേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂയെന്ന് അനിൽകാന്ത് പറഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കും. അതിനുശേഷം മാത്രമേ കുറ്റം സമ്മതിച്ചോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ചോദ്യം ചെയ്യലിൽ പ്രതി പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര പൊലീസ്, പ്രത്യേക അന്വേഷണസംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു.

 

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഷാറുഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോവുകയായിരുന്നു. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. ശേഷം, വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു സമീപത്തുള്ള െപാലീസ് സർജന്റെ ഓഫിസിലെത്തിക്കുകയായിരുന്നു.

ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്നാണ് ഷാറുഖിന്റെ മൊഴി. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നും മൊഴിയിൽ പറയുന്നു. എന്നാൽ, ഷാറുഖിന്‍റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണം എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തീയിട്ട ശേഷം ഷാറുഖ് ട്രെയിനില്‍ തിരിച്ചുപോയത് ടിക്കറ്റെടുക്കാതെയായിരുന്നു. ജനറല്‍ കംപാര്‍ട്മെന്‍റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍ മറ്റു ബോഗികളിലേക്ക് മാറി യാത്ര തുടര്‍ന്നുവെന്നും ഷാറുഖിന്റെ മൊഴിയിൽ പറയുന്നു. കണ്ണൂരിൽനിന്ന് എറണാകുളം – അജ്മേർ മരുസാഗർ എക്സ്പ്രസിലാണ് കേരളം വിട്ടത്.

 

Back to Top