കരട് നിയമഭേദഗതി ; മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം അഴിയെണ്ണാം

Share

 

കരട് നിയമഭേദഗതി ; മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം അഴിയെണ്ണാം

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതിന് നിയമഭേദഗതി. മൃഗങ്ങള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും മറ്റു ക്രൂരകൃത്യങ്ങള്‍ക്കും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. മൃഗങ്ങളെ കൊലപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെയാണ് തടവുശിക്ഷ. ഇതുള്‍പ്പെടെ 61 ഭേദഗതികളാണ് 1960ലെ മൃഗസംരക്ഷണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (ഭേദഗതി) ബില്ലില്‍ ഡിസംബര്‍ ഏഴ് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. കരട് അന്തിമമായാല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മൃഗങ്ങള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍, അവയവങ്ങള്‍ ഛേദിക്കല്‍, മുറിവേല്‍പ്പിക്കല്‍, മാരകമായ മരുന്നുകള്‍ കുത്തിവെയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ക്രൂരകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. ദാരുണമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 50,000 മുതല്‍ 75,000 രൂപ വരെ അല്ലെങ്കില്‍ കുറ്റകൃത്യത്തിന്‍റെ സ്വഭാവം അനുസരിച്ച്‌ മജിസ്ട്രേറ്റിന് പിഴ ഈടാക്കാം. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും കരട് ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

► വളര്‍ത്തു മൃഗങ്ങളെ വിശപ്പ്, ദാഹം, പോഷകാഹാരക്കുറവ് എന്നിവയുണ്ടാകാതെ സംരക്ഷിക്കണം.

► അസ്വസ്ഥയുള്ള ചുറ്റുപാടുകളില്‍ പാര്‍പ്പിക്കരുത്.

► വേദന, അസുഖങ്ങള്‍, പരിക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കണം.

► മൃഗങ്ങളെ മര്‍ദ്ദിച്ചും പീഡിപ്പിച്ചും പെരുമാറ്റശീലങ്ങളും അഭ്യാസങ്ങളും പരിശീലിപ്പിക്കരുത്.

► മൃഗങ്ങളെ പേടിയും സമ്മര്‍ദവും കൂടാതെ ജീവിക്കാന്‍ അനുവദിക്കണം.

► ഉടമസ്ഥരില്ലാത്ത തെരുവ് മൃഗങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിനായിരിക്കും. വന്യജീവി സംരക്ഷണ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന വന്യമൃഗങ്ങളെ തെരുവ് മൃഗങ്ങളായി പരിഗണിക്കാന്‍ കഴിയില്ലെന്നും കരട് ഭേദഗതി വ്യക്തമാക്കുന്നു.

Back to Top