കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നൽകാൻ കാഞ്ഞങ്ങാട് നഗരവികസന കർമ്മസമിതി

Share

 

കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടകയിൽ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യേയും മറ്റുമന്ത്രിമാരെയും കണ്ട് നിവേദനം നൽകാൻ കാഞ്ഞങ്ങാട് നഗരവികസന കർമ്മസമിതി യോഗം തീരുമാനിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഇചന്ദ്രശേഖരൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ബംഗ്‌ളൂരുവിൽ ചെന്ന് കർണ്ണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണും. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട് -കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കർണ്ണാടകസർക്കാർ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർമ്മസമിതി ഭാരവാഹികൾ നേരിൽ കണ്ടപ്പോൾ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ ഭരണമാറ്റം കാര്യങ്ങൾ തകിടം മറിച്ചു. പുതിയ സാഹചര്യത്തിൽ അനുകൂലമായ തീരുമാനം കർണ്ണാടക സർക്കാരിൽ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായല കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

കാഞ്ഞങ്ങാട്- –-കാണിയൂർ റെയിൽപാതയുടെ ഫൈനൽ ലൊക്കേഷൻ സർവ്വേ ഒഴികെയുള്ള സർവ്വേ നടപടികളെല്ലാം റെയിൽവേ നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. സർവ്വേ റിപ്പോർട്ട് അനുകൂലവുമാണ്. സമിതി ചെയർമാൻ അഡ്വ. അപ്പുക്കുട്ടൻ അധ്യക്ഷനായി.
അഡ്വ. എം സി ജോസ്, സി എ പീറ്റർ, സി യൂസഫ്ഹാജി, ടി മുഹമ്മദ് അസ്ലം, പി വി രാജേന്ദ്രകുമാർ, എം കുഞ്ഞിക്കൃഷ്ണൻ, എ ദാമോദരൻ, എൻ അശോക് കുമാർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സൂര്യനാരായണ ഭട്ട്, അഡ്വ. എം വി ഭാസ്‌ക്കരൻ, എ ഹമീദ്ഹാജി കെ മുഹമ്മദ്കുഞ്ഞി, ഇ കെ കെ പടന്നക്കാട്, സി മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു.

Back to Top