കാര്യങ്കോട്ടു പുഴയിൽ ആവേശക്കുതിപ്പുമായി കയാക്കിങ് ശില്പശാല

Share

കാര്യങ്കോട്ടു പുഴയിൽ ആവേശക്കുതിപ്പുമായി കയാക്കിങ് ശില്പശാല

കാസർഗോഡ്: കുതിച്ചൊഴുകുന്ന പുഴയിലൂടെയും വെള്ളച്ചാട്ടത്തിലൂടെയും അതിവിദഗ്ദ്ധമായി കയാക്കുകൾ തുഴയാൻ പഠിപ്പിക്കുന്ന രസകരമായ പരിശീലന ശില്പശാല ലോക ടൂറിസം ദിനത്തിൽ കൗതുകമായി. സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കാൻ പാർക്കും,കാസർഗോഡ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുകതമായി യങ് വിൻഡ് എന്ന സാഹസിക കമ്പനിയുടെ സഹായത്തോടെയാണ് കയാക്കിങ് പരിശീലനം കയ്യൂർ കയാക്കിങ് പാർക്കിൽ വെച്ച് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിൽ ഇത്തരമൊരു പരിശീലനം ആദ്യമാണ്. കയാക്കിങ് എന്ന സാഹസിക വിനോദത്തെ കൂടുതൽ ജനകീയമാക്കുകയും അതിന്റെ ടൂറിസം സാധ്യതകളെ കണ്ടെത്തുന്നതിനുമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.

എട്ടു വയസിനു മുകളിലുള്ളവർക്കാണ് പരിശീലനം അനുവദിച്ചത്. പങ്കെടുത്ത 16 പേരിൽ രണ്ടു കുട്ടികളും എട്ടുപേർ സ്ത്രീകളുമാണ്. സാഹസിക കയാക്കിങ് നിയന്ത്രണം, തുഴയാൻ, അതിനെ ഒഴുക്കിനെതിരെ തിരിച്ചു നിർത്തേണ്ടത്, പെട്ടെന്ന് അപകടം സംഭവിക്കുമ്പോൾ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ, രാജ്യാന്തര തലത്തിലുള്ള കയാക്കിങ് രീതികൾ എന്നിവയൊക്കെ ശില്പശാലയുടെ ഭാഗമായി. സിറ്റ് ഓൺ ടോപ് കയാക്കിങ്, സ്റ്റാൻഡ് അപ്പ് പാഡ്ഡ്ലിങ് തുടങ്ങിയ കയാക്കിങ് രീതികളും

സാഹസിക കയാക്കിങിന് ആവശ്യമായ പാഠങ്ങൾ, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി ഒരു തുടക്കകാരന് വേണ്ടുന്ന പ്രായോഗിക അറിവുകളും, ഒരു പ്രൊഫഷണൽ ശ്രദ്ധിച്ചിരിക്കേണ്ട ഏറ്റവും പുതിയ രാജ്യാന്തര അറിവുകളും ഈ ശില്പശാലയുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ഗോവയിലെ ട്രെയിനറായ അശോകന്റെ കീഴിൽ ശില്പശാലയിൽ പങ്കെടുത്തവർ സ്വായത്തമാക്കി. രാവിലെ 7 മുതൽ 11 വരെയും, ഉച്ചയ്ക്ക് 2 മുതൽ 6 വരെയും രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. കാര്യങ്കോട്ടുപുഴയുടെ ഇരുവഴികളിൽ പാലായി, നീലായി, കൂക്കോട്ട് ഭാഗത്ത് പല ചെറുവഞ്ചികളിലായി തുഴയാനുള്ള അവസരവും ശില്പശാല ഒരുക്കി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നൽകി.

അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സെന്റർ ഹെഡ് സുസ്മിത് എസ് മോഹൻ, ഡി ടി പി സി സെക്രട്ടറി ലിജോ, കയാക്കിങ് പാർക്ക് മാനേജർ സ്റ്റാൻലി, യങ് വിൻഡ് സി ഇ ഓ ഐറിഷ് വത്സമ്മ തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തു.

Back to Top