പൂരക്കളി – മറത്തുകളി കലാകാരൻകക്കുന്നം പത്മനാഭനു പട്ടും വളയും സമ്മാനിച്ച് പണിക്കർ പദവി നൽകും

Share

നീലേശ്വരം: പൂരക്കളി – മറത്തുകളി കലാകാരൻ കക്കുന്നം പത്മനാഭന് (61) പട്ടും വളയും സമ്മാനിച്ച് പണിക്കർ പദവി നൽകും.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പുളിയക്കാട്ട് പുതിയ സ്ഥാനം വിഷ്ണുമൂർത്തി ദേവസ്ഥാനമാണ് പട്ടും വളയും സമ്മാനിക്കുന്നത്. 22ന് രാവിലെ നീലേശ്വരം കിണാവൂർ കോവിലകത്താണ് ചടങ്ങ്. തൃക്കരിപ്പൂർ കക്കുന്നം സ്വദേശിയായ സി. പത്മനാഭൻ കഥാപ്രസംഗവേദിയിലും സംഗീത വേദികളിലും സജീവമായിരുന്നു. തൃക്കരിപ്പൂരിലെ എ.കെ.കുഞ്ഞിരാമൻ പണിക്കരുടെ ശിക്ഷണത്തിൽ 2014 ലാണ് പൂരക്കളി -മറത്തു കളി രംഗത്തെത്തിയത്. കഥാപ്രാസംഗികൻ കെ.എൻ.കീപ്പേരിയുടെ ശിക്ഷണത്തിൽ 1995 വരെ കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉത്സവവേദികളിൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. ആകാശവാണി കണ്ണൂർ നിലയത്തിലെ യുവവാണി ഗായകർക്കായി 25 ൽ അധികം ലളിതഗാനങ്ങൾ എഴുതി സ്വയം ചിട്ടപ്പെടുത്തി. നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ 1989 ൽ ആദ്യമായി നടത്തിയ ഉത്തരമേഖലാ ലളിതഗാന മത്സരത്തിലെ വിജയിയായിരുന്നു. നാടകങ്ങൾക്കു വേണ്ടിയും ഭക്തിഗാനമേളകളിലും 10 വർഷത്തോളം പുല്ലാങ്കുഴൽ വായിച്ചു.

2002 ൽ കെഎസ്ഇബിയിൽ ലൈൻമാൻ ആയി ജോലിയിൽ പ്രവേശിച്ച് 2018ൽ ഓവർസീയറായി വിരമിച്ചു. സർവീസിലിരിക്കെ 2014ൽ ആണ് ആദ്യമായി പൂരക്കളി രംഗത്തെത്തിയത്.

ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് രാമന്തളി കുറുവ ന്തട്ട കഴകം, നീലേശ്വരം പള്ളിക്കര പാലരെക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലും കളിച്ചു. പൂരക്കളി, മറുത്തു കളിയുടെ പ്രചാരണത്തിനായി സ്വന്തം പേരിൽ യൂട്യൂബ് ചാനലും നടത്തി വരുന്നു. ഭാര്യ: എം.പി.തമ്പായി. ഏക മകൻ ശ്രീലാൽ തൃക്കരിപ്പൂർ കീബോർഡ് ആർട്ടിസ്റ്റ് ആണ്.

Back to Top