ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു

Share

ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല! ‘ചന്ദ്രന്റെ’ തനിപ്പകര്‍പ്പ് ദുബൈയില്‍ ഒരുങ്ങുന്നു; വരുന്നത് ആഡംബര റിസോര്‍ട്ട്; പ്രത്യേകതകള്‍ അറിയാം
ബഹിരാകാശ പ്രേമികള്‍ക്കും യാത്രക്കാര്‍ക്കും സന്തോഷവാര്‍ത്ത. ഇനി ചന്ദ്രനില്‍ ഇറങ്ങാന്‍ ബഹിരാകാശം സന്ദര്‍ശിക്കേണ്ടതില്ല.വൈകാതെ, ദുബൈയില്‍ പോയാല്‍ ചന്ദ്രനെ ഭൂമിയില്‍ തന്നെ സന്ദര്‍ശിക്കാം. അത്ഭുതപ്പെടേണ്ട, കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ കമ്ബനിയായ മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇങ്ക് (MWR) ‘മൂണ്‍ ദുബൈ’ നിര്‍മിക്കാനുള്ള പദ്ധതിയിലാണ്. അഞ്ച് ബില്യണ്‍ ഡോളര്‍ ചിലവില്‍ ഒരു ആകാശഗോളത്തിന്റെ രൂപത്തിലുള്ള ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടാണ് കമ്ബനി നിര്‍മിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 2.5 ദശലക്ഷം അതിഥികളെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലം പോലെതന്നെ തോന്നിപ്പിക്കുന്ന പുറംഭാഗമായിരിക്കും ഈ കെട്ടിടത്തിന്റ പ്രത്യേകത. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍ വച്ചുതന്നെ കുറഞ്ഞ ചിലവില്‍ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവംനല്‍കുക എന്ന ലക്ഷ്യമാണ് ഈ നിര്‍മിതിക്ക് പിന്നിലുള്ളത്. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്റെ ആകൃതിയിലുള്ള 735 അടി ഉയരമുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

300 പ്രൈവറ്റ് റെസിഡന്‍സുകളും കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. മറ്റ് സൗകര്യങ്ങള്‍ക്കൊപ്പം സ്പാ, വെല്‍നസ് ഏരിയ, നൈറ്റ് ക്ലബ്ബ്, ഇവന്റ് സ്‌പേസ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഏരിയ, ലോഞ്ച് എന്നിവയും ആസ്വദിക്കാം. എന്നിരുന്നാലും, പ്രധാന ആകര്‍ഷണം ഹോട്ടല്‍ മുറിയോ ഡാന്‍സ് ഫ്‌ലോറോ അല്ല, മറിച്ച്‌ ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്ന ലൂണാര്‍ സര്‍ഫസ് സ്റ്റിമുലേഷനായിരിക്കും. വിവിധ ബഹിരാകാശ ഏജന്‍സികള്‍ക്കുള്ള ആധികാരിക പരിശീലന സ്ഥലവുംjസ്ഥാപിക്കാന്‍ കമ്ബനി ആലോചിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും മറ്റ് വാസ്തുവിദ്യാ അത്ഭുതങ്ങളും ഉള്ള ദുബൈയില്‍ ‘ചന്ദ്രനെ’ അതിന് താഴെ വൃത്താകൃതിയിലുള്ള കെട്ടിടത്തില്‍ കാണാമെന്നതാണ് പ്രത്യേകത, രാത്രിയില്‍ അത് പ്രകാശിക്കുകയും ചെയ്യും. അതേസമയം നിര്‍മാണം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. എന്നത്തേക്ക് കെട്ടിടം പൂര്‍ത്തിയാകും എന്ന് വ്യക്തമല്ല.

Back to Top