വനിതാദിനത്തിൽ വനിതകൾ തൊഴിലിടത്തേക്ക് ; 359 പേര്‍ ചുരുക്കപ്പട്ടികയിൽ

Share

 

കേരള നോളജ് ഇക്കോണമി മിഷന്‍ വനിതകളെ തൊഴില്‍ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച തൊഴില്‍ അരങ്ങത്തേക്ക് പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണം. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ കുടുംബശ്രീയുടെ പിന്തുണയോടെ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ പങ്കെടുത്ത 526 ഉദ്യോഗാര്‍ത്ഥികളില്‍ 359 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.

29 തൊഴില്‍ദാതാക്കളാണ് മേളയുടെ ഭാഗമായത്. 21 കമ്പനികള്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ 8 കമ്പനികള്‍ ഓണ്‍ലൈനായും മേളയില്‍ സാന്നിധ്യം അറിയിച്ചു. ഒരാള്‍ക്ക് ഒന്നിലധം അഭിമുഖങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരുന്നു.  വിവിധ തസ്തികകളിലായി 1258 അഭിമുഖങ്ങളാണ് ജില്ലയില്‍ നടന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 5 കോളേജുകളില്‍ നോളജ് ജോബ് യൂണിറ്റ് രൂപീകരിച്ചു. ഇവിടെ രജിസ്റ്റര്‍ ചെയ്ത  79 വിദ്യാര്‍ത്ഥിനികളില്‍ 50 പേര്‍ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച തൊഴിലിന് സജ്ജമാക്കല്‍ പ്രോഗ്രാം (work readiness) പൂര്‍ത്തീകരിക്കുകയും ചെയ്തു.

 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍, ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് തൊഴില്‍ കരസ്ഥമാക്കുന്ന സ്ത്രീകള്‍ക്ക് ജോബ് ഓഫര്‍ ലെറ്റര്‍  കൈമാറുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നേരത്തെ, കുടുംബശ്രീ നടത്തിയ സര്‍വെയില്‍ 53 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇതില്‍ 58 ശതമാനവും സ്ത്രീകളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ തൊഴില്‍ രംഗത്തേക്ക് എത്തിക്കുക, തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം സ്ത്രീകള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തതാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയെന്ന്  കേരള നോളജ് ഇക്കൊണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു.

Back to Top