ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം 24 ന് ചുള്ളിക്കരയിൽ

Share

 

ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണ പരിപാടികള്‍ മാര്‍ച്ച് 24 ന് രാവിലെ ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. രാവിലെ ചുള്ളിക്കര ജംഗ്ഷനില്‍ നിന്നും റാലി സംഘടിപ്പിക്കും. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്യും. ചലച്ചിത്ര സംവിധായകന്‍ അമീര്‍ പള്ളിക്കല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പൊതു പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 24 ന് രാവിലെ 11 ന് എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും പി എച്ച് സി കളിലും ക്ഷയരോഗ ദിന തീം ഉള്‍ക്കൊള്ളുന്ന പതാക ഉയര്‍ത്തും. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം, ക്ലാസ് എന്നിവ നടത്തും.

ആദ്യമായി ദിനാഘോഷം പഞ്ചായത്തുതലത്തില്‍ നടത്തുന്നത് തന്നെ അതിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനാണ്. ക്ഷയ രോഗ ദിനാഘോഷ പരിപാടികളിലും തുടര്‍ന്നുള്ള ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ജില്ലാകളക്ടർ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

2025 ഓടു കൂടി ക്ഷയ രോഗ നിര്‍മാര്‍ജനം എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. കൂടുതല്‍ കേസുകള്‍ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് രോഗവ്യാപനം ഇല്ലാതാക്കുക എന്നതാണ് അതിനുള്ള പ്രധാന വഴി. രോഗവ്യാപനം, മരണ നിരക്ക് എന്നിവ കുറക്കുന്നതിലും രോഗ ബാധിതരുടെ ചികിത്സക്കും അനുബന്ധകാര്യത്തിലും ഉള്ള ചെലവ് എന്നിവ കുറച്ചു കൊണ്ടു വരുന്ന കാര്യത്തിലും 2015 നു ശേഷം നമുക്ക് വലിയ പുരോഗതി ഉണ്ടായിരുന്നു. പക്ഷെ, കോവിഡ് വന്നതോടു കൂടി കാര്യങ്ങള്‍ അല്പം പിന്നോട്ടടിച്ചു. കോവിഡ് ബാധിച്ചവരുടെ ശ്വാസകോശത്തില്‍ കാണപ്പെടാവുന്ന ചെറിയ ദുര്‍ബലത പോലും പലരിലും നേരത്തേ ഒളിഞ്ഞു കിടന്നിരുന്ന ക്ഷയരോഗാണുക്കളെ ഉണര്‍ത്തിയിരിക്കും. കൂടാതെ രോഗാണുക്കളുടെ പ്രവേശനവും എളുപ്പമാക്കും. എന്നാല്‍ ഇപ്പോള്‍ നാം വീണ്ടും മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയാണ്. ക്ഷയരോഗ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി. പരിശോധനയും ചികിത്സയും മരുന്നുകളും എന്നതോടൊപ്പം തന്നെ പോഷകാഹാരത്തിനുള്ള തുകയും ഭക്ഷണക്കിറ്റുകളും രോഗ ബാധിതര്‍ക്ക് സൗജന്യമായി നല്കാന്‍ ആരംഭിച്ചു. ക്ഷയരോഗം കാണാന്‍ സാധ്യതയുള്ള വാസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തകര്‍ അങ്ങോട്ടുചെന്ന് പരിശോധന നടത്താന്‍ തുടങ്ങി. ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പരിശീലനവും തുടര്‍പരിശീലനങ്ങളും നല്‍കി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. തല്‍ഫലമായി വീണ്ടും കേസുകള്‍ വേഗത്തില്‍ കണ്ടുപിടിക്കാനും രോഗവ്യാപനവും മരണ നിരക്കും കുറക്കാനും സാധിക്കുന്നുണ്ട്.

‘അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിന തീം. എല്ലാവരുടെയും സഹകരണത്തോടു കൂടി നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ സാധിക്കും.

 

 

 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേത്യത്വത്തില്‍ ജില്ലാ ടി ബി ഫോറം, പ്രദേശിക നേതാക്കളെയും വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള തീരദ്ദേശ ടി ബി നിര്‍മ്മാര്‍ജന ഫോറം തുടങ്ങിയ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവയുടെ നേത്യത്വത്തില്‍ ക്യാമ്പുകള്‍, സഹായങ്ങള്‍, ബോധവല്‍ക്കരണം എന്നിവ നടത്തും. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗബാധിതര്‍ക്ക് സൗജന്യ പോഷകാഹാരക്കിറ്റ് നല്‍കുവാനുള്ള നടപടി സ്വീകരിക്കും.. കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം, എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തല്‍ വ്യവസായ ശാലകളിലും തൊഴിലിടങ്ങളിലും സ്‌ക്രീനിംഗ് കുടുംബശ്രീ നെറ്റ് വര്‍ക്ക് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ക്യാമ്പ് നടത്തല്‍ തുടങ്ങിയ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ടി ബി ഓഫീസർ ഡോ.മുരളിധരനല്ലൂരായ പറഞ്ഞു.

Back to Top