കാസർകോട് നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റം

Share

കാസർകോട് : നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. നഗരസഭയുടെ 2022-23 വർഷത്തെ പുതുക്കിയ ബജറ്റും 2023-24 വർഷത്തേക്കുള്ള ബജറ്റ് അടങ്കലും അംഗീകരിക്കുന്നതിനായി ചേർന്ന യോഗത്തിലാണ് വാക്കേറ്റമുണ്ടായത്. ജൈവമാലിന്യ സംസ്കരണത്തിനായി നഗരസഭയിലെ എല്ലാ വീടുകളിലും റിങ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയിൽ അഴിമതി നടന്നതായുള്ള ആരോപണമാണ് ബഹളത്തിന് കാരണമായത്. 2020-21 സാമ്പത്തികവർഷത്തിൽ റിങ് കമ്പോസ്റ്റ് വിതരണത്തിനായി ഗുണഭോക്തൃ വിഹിതം കൈപ്പറ്റിയത് മറച്ചുവെക്കാനാണ് സൗജന്യ വിതരണം ഇപ്പോൾ നടത്തുന്നതെന്ന് ഒൻപതാം വാർഡ് കൗൺസിലർ പി.രമേശ് പറഞ്ഞു.

 

ആരോപണം തള്ളിയ നഗരസഭാ ചെയർമാൻ വി.എം.മുനീർ കഴിഞ്ഞവർഷം മഴക്കാല ശുചീകരണം ഒൻപതാം വാർഡിൽ മാത്രം നടന്നില്ലെന്ന വിമർശനമുന്നയിച്ചാണ് ആരോപണത്തിന്റെ മുനയൊടിച്ചത്. തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഇനിമുതൽ മുൻകൂട്ടി എഴുതിത്തന്ന ചോദ്യങ്ങൾ മാത്രമേ യോഗത്തിൽ പരിഗണിക്കൂ എന്നും ചെയർമാൻ പറഞ്ഞു. ചെയർമാന് ബോധ്യം വരുന്ന കാര്യങ്ങൾ മാത്രമേ ചർച്ചയ്ക്കെടുക്കൂ എന്ന് പറഞ്ഞ് യോഗം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.മാലിന്യനിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട അപാകതകൾ സംബന്ധിച്ച പരാതിയിൽ നഗരസഭയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഗുണഭോക്തൃവിഹിതം വാങ്ങിയതിന്റെയും സൂക്ഷിച്ചതിന്റെയും രേഖകൾ പ്രസ്തുത പദ്ധതികളുടെ ഫയലിൽ കാണാത്തത്‌ ഗുരുതര കൃത്യവിലോപമാണെന്നായിരുന്നു വിജിലൻസ് നിരീക്ഷണം.

 

 

Back to Top