നവകേരളത്തിൻ്റെ ഹരിത കവാടമായി കാസറഗോഡ് ജില്ലയെ മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം.:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം

Share

 

 

ഭൂമിയുടെ ശരാശരി താപനില അടിസ്ഥാന വർഷവുമായി (1880) താരതമ്യം ചെയ്യുമ്പോൾ, ഇപ്പോൾ ഒരു ഡിഗ്രി സെൽഷ്യസിനടുത്ത് ഉയർന്നിരിക്കയാണ്. ഇങ്ങനെ താപനില ഉയരുന്നത് നിയന്ത്രിച്ചില്ലെങ്കിൽ 2100 ആകുമ്പോഴേക്കും ഒരു ഡിഗ്രി സെൽഷ്യസ് കൂടി ഉയരുവാൻ സാധ്യതയുണ്ട്. പിന്നെ ഈ ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടാവില്ല. അത്രയും ഗുരുതരമായ ഒരു പ്രശ്നമാണിത്. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ വർദ്ധിക്കുന്നതാണ് താപനില ഉയരുന്നതിന് കാരണം. വ്യവസായശാലകളുടെ പ്രവർത്തനം, പെട്രോൾ, ഡീസൽ, LPG വാഹനങ്ങൾ ഉപയോഗിക്കൽ , മാലിന്യങ്ങൾ കത്തിക്കൽ, വൈദ്യുതോല്പാദനത്തിന് താപനിലയങ്ങളിൽ കൽക്കരി കത്തിക്കൽ, ജൈവമാലിന്യങ്ങൾ അശാസ്ത്രീയമായി വലിച്ചെറിയൽ, മലിനമായ ജലാശയങ്ങൾ, അശാസ്ത്രീയമായ കൃഷിരീതികൾ എന്നിവയൊക്കെയാണ് അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത്‌. ഇതിനൊക്കെ പരിഹാരമായി വ്യവസായശാലകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കൽ, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കൽ, സൗരോർജ്ജ വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കൽ, ജൈവമോ അജൈവമോ ആയ മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കൽ, ശാസ്ത്രീയ കൃഷി രീതി ഉപയോഗിക്കൽ, ജലാശയങ്ങൾ ഉൾപ്പെടെ പൊതു യിടങ്ങൾ ശുചീകരിക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തങ്ങൾ കേന്ദ്ര – സംസ്ഥാന ഗവ: കൾ നടപ്പിലാക്കി വരുന്നുണ്ട്. അജൈവമായ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയെ ഉണ്ടാക്കിയിട്ടുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് വീടുകളിലും സ്ഥാപനങ്ങളിലും ഉപാധി ഉണ്ടാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാലിന്യങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും പിഴയടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക്കുകൾ വില്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും പിഴ അടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവുണ്ട്. ആവശ്യമെങ്കിൽ നഗരസഭയിലെ പോലെ പ്രത്യേകം ഹെൽത്ത് ഇൻസ്പക്ടറെ നിയമിക്കാനും സർക്കാർ ഉത്തരവുണ്ട്. മാലിന്യ സംസ്ക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയുമാണ്. ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതയോടെ ഉണർന്നു് പ്രവർത്തിക്കണമെന്നും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കിക്കൊണ്ട് ശുചിത്വ സുന്ദര ഗ്രാമങ്ങളാക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ജില്ലാ അധികാരികൾ ഇടപെടണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

Back to Top