കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാൾ നീളുന്ന പുസ്തകോത്സവത്തിന് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രൗഢഗംഭീരമായ തുടക്കം . പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ ഭാഗമായുള്ള പ്രദർശന വിപണനമേളയ്ക്കൊപ്പമാണ് ഇത്തവണത്തെ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ആമുഖഭാഷണം നടത്തി.പ്രശസ്ത എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ എഴുത്തും അനുഭവങ്ങളും എന്ന വിഷയത്തിലും ഡോ.കെ എസ് രവികുമാർ കടമ്മനിട്ട-മനസ്സിൽ തെളിയുമ്പോൾ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.ഡോ.കെ എസ് രവികുമാറിൻ്റെ കടമ്മനിട്ട-കവിതയുടെ കനലാട്ടം പുസ്തകത്തിൻ്റെ പ്രകാശനം ടി പത്മനാഭൻ നിർവഹിച്ചു.ടി ഡി രാമകൃഷ്ണൻ ഏറ്റുവാങ്ങി.അഡ്വ.പി അപ്പുക്കുട്ടൻ, പി ദിലീപ് കുമാർ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്‌ ,കെ രവീന്ദ്രൻ, എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിലിന് കീഴിലുള്ള ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും 57 പ്രസാധകരുടെ 91 സ്റ്റാളുകളിലായി ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിലക്കിഴിവോടെ മേളയിൽ ലഭ്യമാകും. പുസ്തകോൽസവം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Back to Top