കരുതലിന്‍ കൂട്; 1147 കുടുംബങ്ങള്‍ക്ക് വീടിന്റെ അടച്ചുറപ്പേകി ലൈഫ് മിഷന്‍

Share

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് എന്ന സംരംക്ഷണം നല്‍കുന്ന പദ്ധതിയാണ്് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പരിപാടി കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സംരക്ഷണം അടച്ചുറപ്പുള്ള വീടാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് സംരംക്ഷണം നല്കുന്നതിനാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രയാസമനുഭവിച്ചു വരുന്ന ജനതയ്ക്ക് ഏറെ സഹായകരമാണ് പദ്ധതി. സമൂഹത്തില്‍ സഹായം ഏറ്റവും ആവശ്യമായ ജനതയ്ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ എന്റെ കേരളം മേളയുടെ വേദിയില്‍ 1147 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടന്നു. ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ദാനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ പരിധിയിലെ പി.എം.എ.വൈ വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വഹിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ഇ്ന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ പി.ജയന്‍ നന്ദിയും പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെ.അനീഷ് ആലയ്ക്കാപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ഫോട്ടോ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പരിപാടി കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

 

 

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കൂട്ടായ ഇടപെടല്‍ വേണം; എം.രാജഗോപാലന്‍ എം.എല്‍.എ

 

നമ്മുടെ നാട്ടില്‍ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാക്കാന്‍ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. കാസര്‍കോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ വ്യാപൃതരായാല്‍ മാത്രമ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍. നമ്മുടെ മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകള്‍ ടൂറിസം മേഖലയെ വരെ ബാധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.എസ.്ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു സംസാരിച്ചു. മാലിന്യസംസ്‌കരണവും നിയമനടപടികളും എന്ന വിഷയത്തില്‍ എല്‍.എസ.്ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, ആരോഗ്യജാഗ്രത മാലിന്യസംസ്‌കരണം എന്ന വിഷയ്ത്തില്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഖര ദ്രവ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഡോ.മഹേഷ്്, ഹരിതകര്‍മസേനയും ശുചിത്വസംവിധാനവും എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ രഞ്ജിത്ത്് എന്നിവര്‍ സെമിനാര്‍ നയിച്ചു. തദ്ദേശ സ്ഥാപനശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി സ്വാഗതവും നവകേരളം റിസോഴ്സ് പേഴ്സണ്‍ കെ.കെ.രാഘവന്‍ നന്ദിയും പറഞ്ഞു. നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ മോഡറേറ്ററായി.

 

 

Back to Top