കൃത്രിമ ജലപാത വിരുദ്ധ ജനകീയ കൺവെൻഷൻ മുന്നണി സ്ഥാനാർത്ഥികൾ എത്തിയില്ല ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം.. ?

Share

കാഞ്ഞങ്ങാട്: കോവളം- ബേക്കൽ ജലപാതയുടെ അനുബന്ധമായി കാഞ്ഞങ്ങാട്ട് നിർമ്മിക്കുന്ന കൃത്രിമ ജലപാത സംബന്ധിച്ച് തദ്ദേശീയർക്കുള്ള ആശങ്ക നീക്കാൻ നടത്തിയ ജനകീയ കൺവെൻഷനിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികൾ ആരും എത്തിയില്ല. ഭൂമിയും വീടും കൃഷിസ്ഥലവും നഷ്ടപ്പെടുന്നതിന്റെ തീ തിന്നു കഴിയുന്നവർക്ക് ആശ്വാസം പകരാൻ ഈ തിരഞ്ഞെടുപ്പിൽ ‘ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം ‘ എന്ന ചോദ്യത്തിന് നിലവിലുള്ള എം.പി രാജ്മോഹൻ ഉണ്ണിത്താനും എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും എൻ.ഡി. എ സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കും എന്താണ് മറുപടി പറയാനുള്ളത് എന്നറിയാനാണ് കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ ജനകീയ കൺവെൻഷൻ ചേർന്നത്.250 ഓളം ആളുകൾ പങ്കെടുത്ത കൺവെൻഷനിലേക്ക് മൂന്ന് സ്ഥാനാർത്ഥികളെയും ക്ഷണിച്ചിരുന്നുവെങ്കിലും വന്നില്ല. ജനകീയ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുമില്ലെന് ഭാരവാഹികൾ പറഞ്ഞു.. ഒരു മണിക്കൂർ സ്ഥാനാർത്ഥികളെ കാത്തിരുന്ന ശേഷം ജനകീയ സമിതി രക്ഷാധികാരി കാനായി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ കൺവെൻഷൻ തുടങ്ങി.ആലപ്പുഴ കരിമണൽ ഖനന സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ബി.ജെ.പി കൗൺസിലർ അശോക് കുമാർ സംബന്ധിച്ച് സംസാരിച്ചു. കെ. പ്രസേനൻ സ്വാഗതവും കൺവീനർ കെ. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

ബഹിഷ്‌ക്കരണത്തിന് ഇല്ല
ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ പറ്റൂ: ജനകീയ സമിതി
സ്ഥാനാർത്ഥികൾ പങ്കെടുത്തില്ലെന്ന് കരുതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിനൊന്നും ഞങ്ങളാരും ഉദ്ദേശിക്കുന്നില്ലെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ കൃതിമ ജലപാത നിർമ്മിക്കുമെന്ന് പറയുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഈ സ്ഥാനാർത്ഥികൾക്ക് ബാധ്യതയുണ്ട്. നിലവിലുള്ള എം പി പറഞ്ഞത് ഇങ്ങനെ ഒരു കൺവെൻഷൻ നടത്തുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ പോയി രേഖാമൂലം കത്ത് നൽകിയതാണ്. തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം ഉണ്ടല്ലോ, ഭാവികാര്യങ്ങൾ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും ഭാരവാഹി കെ പ്രസേനൻ പറഞ്ഞു.

Back to Top