മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.

Share

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.
പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്‌വയുടേതാണ് ഉത്തരവ്. മാർച്ച്‌ 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാർച്ച്‌ 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്‌രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്.

കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച്‌ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവുമായിരുന്നു ഹാജരായത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കെജ്‌രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും എസ് വി രാജു കോടതിയില്‍ വ്യക്തമാക്കി.

Back to Top