ലോക്സഭ തിരഞ്ഞെടുപ്പ് 2024; കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ദയാബായി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് വ്യക്തമാക്കി സാമൂഹിക പ്രവർത്തക ദയാബായി.
എൻഡോസള്‍ഫാൻ ദുരിതബാധിതർക്ക് വേണ്ടിയാണ് തന്റെ മത്സരമെന്നും നീലേശ്വരത്ത് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാസർഗോഡെ സാഹചര്യം ഏറെ ദയനീയമാണെന്ന് അവർ വ്യക്തമാക്കി.
ആരോഗ്യമേഖലയില്‍ പിന്നിലാണ് നാട്. ഒരു മെഡിക്കല്‍കോളേജ് പോലും ഇവിടെയില്ല.. ചികിത്സയ്ക്കായി എന്നും മംഗളൂരുവിനെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്.ഏയിംസ് കാസർകോട് സ്ഥാപിക്കാൻ ഇടപെടണമന്ന് ആവശ്യപ്പെട്ട് മുൻ എം പി പി കരുണാകരനെ കണ്ടിരുന്നു. നിലവിലെ എംപിയില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല’, അവർ പറഞ്ഞു.
അത്യാധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളേജും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുമുള്ള ജില്ലയിലേക്ക് എയിംസ് സ്ഥാപിക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഇത് സാധാരണക്കാർക്ക് വേണ്ടിയല്ല മറിച്ച് ഭൂമിയിടപാടുകാർക്ക് വേണ്ടിയാണെന്നും അവർ കുറ്റപ്പെടുത്തി. എൻഡോസള്‍ഫാൻ ദുരിബാധിതരോട് അനുഭാവം പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവ് വിഎസ് അച്യുതാനന്ദൻ മാത്രമാണെന്നും അവർ പറഞ്ഞു.
അതേസമയം കാസർഗോഡ് മണ്ഡലത്തില്‍ എല്‍ ഡി എഫും യു ഡി എഫും തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി കഴിഞ്ഞു. എല്‍ ഡി എഫിന് വേണ്ടി എം വി ബാലകൃഷ്ണനും യു ഡി എഫിന് വേണ്ടി സിറ്റിംഗ് എംപി രാജ്മോഹൻ ഉണ്ണിത്താനുമാണ് മത്സരിക്കുന്നത്. എൻ ഡി എയ്ക്കായി മഹിളാമോർച്ച നേതാവ് അശ്വനിയും മത്സരിക്കും.
സി പി എമ്മിന്റെ കോട്ടയാണ്സി പി എമ്മിന്റെ കോട്ടയാണ് കാസർഗോഡ് മണ്ഡലം. എന്നാല്‍ 2019 ല്‍ സി പി എമ്മിനെ ഞെട്ടിച്ച് കൊണ്ട് അട്ടിമറി വിജയമായിരുന്നു കോണ്‍ഗ്രസ് ഇവിടെ നേടിയത്. കോണ്‍ഗ്രസിന് വേണ്ടി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു മണ്ഡലം പിടിച്ചത്. 40438 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രാജ്മോഹൻ ഉണ്ണിത്താന് ലഭിച്ച്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോള്‍ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി.
ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സി പി എം കണക്കാക്കുന്നത്. കോണ്‍ഗ്രസില്‍ രാജ്മോഹൻ ഉണ്ണിത്താനെതിരായ മുറുമുറപ്പുകളടക്കം യു ഡി എഫിന് തിരിച്ചടിയാകുമെന്ന് നേതാക്കള്‍കരുതുന്നു. അതേസമയം യാതൊരു അട്ടിമറിയും ഇത്തവണ ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തില്‍ നിർണായകമായിരുന്ന പെരിയ ഇരട്ട കൊലപാതകം അടക്കം ഇത്തവണയും തിരഞ്ഞെടുപ്പില്‍ ചർച്ചാ വിഷയം ആകുമെന്നും സി പി എം ഇത്തവണയും കനത്ത തിരിച്ചടി നേരിടുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.