കവിത പൂക്കുന്ന വഴികൾ പ്രകാശനം ചെയ്തു

Share

 

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയന്സ് കോളേജിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കവിതകളുടെ സമാഹാരമായ കവിത പൂക്കുന്ന വഴികൾ കേരള രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കോളേജിലെ നെഹ്റുവിയൻ ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരുപത് ദിവസങ്ങളിലായി അധ്യാപകരും അനധ്യാപകരുമായ ഇരുപത്തൊന്ന് കവികൾ വിവിധ വിഷയങ്ങളെ അധികരിച്ച് എഴുതിയ നൂറിലധികം കവിതകളാണ് പുസ്തക രൂപത്തിൽ തയ്യാറാക്കി പത്മശ്രീ ബുക്സ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കലാലയങ്ങളിൽ ആദ്യമായിട്ടാണ് പത്തൊമ്പത് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും കവിതകളെഴുതി കവിത പൂക്കുന്ന കലാലയമാക്കി നെഹ്റു കോളേജിനെ മാറ്റിയത്. പുസ്തക പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.ആർ.ഡി.സി. ഡയറക്ടർ ഡോ.എ.മോഹനൻ സ്വാഗതവും ടി.വി.സുധീരൻ മയ്യിച്ച നന്ദിയും പറഞ്ഞു. ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, ഒ. സായിനി, വി.വിജയകുമാർ, പി.കെ.ബാലഗോപാലൻ, കോളേജ് യൂനിയൻ ചെയർമാൻ കെ.വി.വിനയ് എന്നിവർ സംസാരിച്ചു. പ്രകൃതി, പ്രണയം, സ്വാതന്ത്ര്യം, സമകാലികം, നൃത്തം തുടങ്ങിയ വിഷയങ്ങളിൽ മികച്ച കവിതകളാണ് ജീവനക്കരുടെ തൂലികയിൽ നിന്ന് വിരിഞ്ഞത്. പ്രിൻസിപ്പൽ കെ.വി.മുരളി, ഡോ.നന്ദകുമാർ കോറോത്ത്, ഡോ.എ.മോഹനൻ, ഡോ. എൻ.ടി. സുപ്രിയ, ഡോ.എം.കെ. റുഖയ്യ, എൻ.സി.ബിജു, ഡോ.കെ.പി.ഷീജ, എം.കെ. സുധീഷ്, ഡോ. ധന്യ കീപ്പേരി, ഡോ.കെ. ലിജി, ഡോ.എ.എം.അജേഷ്, ഡോ എ.ഉദയ, പി. അപർണ, ഡോ. തേജസ്വി ഡി നായർ, കെ.വി.അനിത, ടി. ഗ്രീഷ്മ, വി.കെ. ഷിബിൽ, പി.വി.ഷൈമ, അഞ്ജാലി വി കുമാർ, ഓഫീസ് സൂപ്രണ്ട് പി.കെ.ബാലഗോപാലൻ, സുധീരൻ മയ്യിച്ച എന്നിവരുടെ കവിതകളാണ് കവിത പൂക്കുന്ന വഴികളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോ.എ.മോഹനൻ എഡിറ്റ് ചെയ്ത കവിത സമാഹാരത്തിൻ്റെ പ്രസാധക കുറിപ്പ് തയ്യാറാക്കിയത് പ്രശസ്ത കവി നാലപ്പാടം പത്മനാഭനാണ്.

Back to Top