നിയമസഭയില്‍ പാക് അധിനിവേശ കശ്മീരിന് 24 സീറ്റ്, പ്രദേശം നമ്മുടെ കൈയ്യില്‍ ആകുന്ന നിമിഷം പ്രാബല്യത്തില്‍ വരും; ബില്‍ സഭയില്‍ അവതരിപ്പിച്ച്‌ അമിത് ഷാ

Share

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള സീറ്റുകള്‍ പുന:സംഘടിപ്പിച്ച്‌ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ റീ ഓര്‍ഗനൈസേഷൻ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സഭയിലെ സീറ്റുകളുടെ എണ്ണം 87 ല്‍ നിന്നും 114 ആയി വര്‍ദ്ധിപ്പിച്ചു. ജമ്മുവില്‍ നിന്നും 43 ഉം കശ്മീരില്‍ നിന്നും 47 ഉം അംഗങ്ങളാകും ഇനി സഭയില്‍ ഉണ്ടാകുക.

ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍ണായക പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്. 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുന്ന ദിനം 24 നിയമസഭ സീറ്റുകള്‍ കൂടി സഭയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അതുവരെ 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക. ഇവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഉടൻനടക്കുമെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു.

സംസ്ഥാനമായിരുന്നപ്പോള്‍ ജമ്മുവില്‍ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ ആറെണ്ണം വര്‍ദ്ധിപ്പിച്ചാണ് 43 ആയി ഉയര്‍ത്തിയത്. കശ്മീരില്‍ 46 സീറ്റുകള്‍ ഉണ്ടായിരുന്നത് ഒരെണ്ണം വര്‍ദ്ധിപ്പിച്ച്‌ 47 ആക്കി. ജമ്മുകശ്മീരിന്റെ ഭാഗമായിരുന്നപ്പോള്‍ 4 അംഗങ്ങളായിരുന്നു ലഡാക്കില്‍ നിന്നും ഉണ്ടായിരുന്നത്.

ജമ്മുകശ്മീര്‍ നിയമസഭയില്‍ എസ്‌സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരില്‍ നിന്നെത്തുന്നവര്‍ക്കും സഭയില്‍ സീറ്റ് മാറ്റിവെക്കുമെന്നും ബില്‍ അവതരപ്പിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പാക് അധിനിവേശ കശ്മീരില്‍ നിന്നെത്തിയവര്‍ക്ക് ജമ്മു കശ്മീര്‍ നിയമ സഭയില്‍ ഒരു സീറ്റ് മാറ്റിവെക്കും. കശ്മീരിലേക്ക് കുടിയേറിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2 സീറ്റുകളും ഇനി മുതല്‍ സഭയിലുണ്ടാകും. 9 സീറ്റുകള്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ജമ്മുകശ്മീര്‍ നിയമസഭയില്‍ എസ് സി/എസ്ടി സംവരണം കൊണ്ടുവരുന്നത്.

ഇന്ന് ജമ്മുകശ്മീരിനെ സംബന്ധിച്ച്‌ രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ അവതരിപ്പിച്ചത്. ജമ്മുകശ്മീര്‍ റിസര്‍വേഷൻ ബില്‍, ജമ്മുകശ്മീര്‍ റീ ഓര്‍ഗനൈസേഷൻ ബില്‍ എന്നിവയാണ് അവതരിപ്പിച്ചത്.

ലോക്‌സഭയില്‍ പാസാകുന്ന ബില്‍ പ്രതിപക്ഷത്ത് നിന്നുള്ള പാര്‍ട്ടികളുടെ അടക്കം പിന്തുണയോടെ രാജ്യസഭയിലും പാസാകുമെന്നാണ് ഭരണകക്ഷി പ്രതീക്ഷിക്കുന്നത്.

Back to Top