യുപിയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

ലക്‌നൗ: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങള്‍ക്കു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും യുപിയില്‍ ഒരു കൊലപാതകം കൂടി. പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി.
ജലൗന്‍ ജില്ലയിലാണ് സംഭവം. ബിഎ വിദ്യാര്‍ത്ഥിനിയായ രോഷ്നി അഹിര്‍വാര്‍ (21)ആണ് കൊല്ലപ്പെട്ടത്. കോട്വാലിയിലെ രാം ലഖാന്‍ പട്ടേല്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് റോഷ്നി. രാവിലെ 11ഓടെ കോളജില്‍ പരീക്ഷ കഴിഞ്ഞു മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ വെടിവച്ചുവീഴ്‌ത്തിയത്. പെണ്‍കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ പ്രതികളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ രക്ഷപെട്ടു. സംഭവം നടന്നസ്ഥലത്ത് നിന്നും പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ് അഹിര്‍വാര്‍ എന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ, അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറാണ് ഹര്‍ജി നല്‍കിയത്.പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐക്ക് കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് അമിതാഭ് താക്കൂര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനാല്‍ കേസ് സംബന്ധിച്ച മുഴുവന്‍ സത്യവും എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേസില്‍ ഉടനടി നടപടിയെടുക്കേണ്ടതുണ്ട്. വിഷയത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.