നവകേരള സദസ്സ് ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം നടത്തി

Share

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ 1 മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. നവകേരള സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ ഇതിനകം രൂപീകരിച്ചു. നിയോജക തലത്തില്‍ ആറ് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വാര്‍ഡുതല സംഘാടക സമിതികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനമാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 5000 ത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കും.

കലാപരിപാടികള്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട കലാകാരന്മാര്‍ ആയിരിക്കും അവതരിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മുതല്‍ കലാപരിപാടികള്‍
ആരംഭിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് നടക്കുക. 4.30ന് മന്ത്രിമാരെത്തി ജനങ്ങളുമായി സംവദിക്കും. മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പ്രഭാത യോഗവും നടത്തും. പരാതികള്‍ കൗണ്ടറുകളിലാവും സ്വീകരിക്കുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ആറ് സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പാട്ടും വണ്ടി, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പാട്ടും വരയും കൊട്ടും, വിവിധ വകുപ്പുകള്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തും. ജില്ലയിലെ വീടുകളിലേക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കത്തുകള്‍ നല്‍കും. 70,000 കത്തുകളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നല്‍കുക. വൊളന്റിയര്‍മാരായി എന്‍.എസ്, എസ്, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവരെ നിയമിക്കും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ രൂപ രേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് ആണ് സമാപനം. നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീജ, കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ്, ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി.ജയരാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, കെ.വി.ബോസ്, സജിത്ത് കുമാര്‍, രാജഗോപാല്‍, രമേശന്‍ കോളിക്കര, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

യോഗ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഉദ്യോഗസ്ഥരും പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് കുമാര്‍, അസി.എക്‌സികുട്ടീവ് എഞ്ചിനീയര്‍ പി.എം.യമുന, സംഘാടക സമിതി കണ്‍വീനര്‍ പി സി ജയരാജ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി ഇ ഒ ബാലദേവി, തഹസില്‍ദാര്‍ എന്‍.മണിരാജ്, ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍, എം.രാഘവന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
നന്ദിയും പറഞ്ഞു.
ഫോട്ടോ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ കാഞ്ഞങ്ങാട് മണ്ഡലം നവ കേരള സദസ്സ് നടക്കുന്ന ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു

Back to Top