ബേക്കൽ ടൂറിസം വില്ലേജിന് 50 ലക്ഷം

അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി ആർ ഡി സി യുടെ കൈവശമുള്ള 33 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരിന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി.
അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപ്പെടലിനെ തുടർന്നാണ് വർഷങ്ങളായി സാങ്കേതിക കുരുക്ക് മൂലം പദ്ധതികൾ തടസപ്പെട്ട സ്ഥലത്ത് ടൂറിസം വില്ലേജ് പ്രഖ്യാപിച്ചത്. 1996 ലാണ് BRDC റിസോട്ടുകൾ നിർമ്മിക്കുന്നതിന് വേണ്ടി ചിത്തിരി വില്ലേജിൽ പൊയ്യക്കരയിൽ 31.5 ഏക്കർ സ്ഥലവും അജാനൂർ വില്ലേജിൽ കൊത്തിക്കാലിൽ 1.5 ഏക്കർ സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്ത് . പ്രസ്തുത സ്ഥലം റിസോർട്ട് നിർമ്മാണത്തിന് തൃശ്ശൂർ ആസ്ഥാനമായ ജോയിസ് ഗ്രൂപ്പിന് ലീസിന് നൽകിയിരുന്നു. എന്നാൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട സങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്രസ്തുത പദ്ധതി ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. സാങ്കേതിക പ്രശ്നം കാരണം അതിനു ശേഷവും പ്രോജക്ട് നടപ്പാക്കാൻ
കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് പ്രസ്തുത സ്ഥലത്ത് റിസോർട്ട് ഇതര ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മാന്തി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തിന് അനുയോജ്യമായ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
BRDC എം ഡി യായി ഷിജിൻ പറമ്പത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം പദ്ധതിയുടെ കാര്യങ്ങൾ വേഗത്തിൽ നീക്കി. ഏതാണ്ട് 50 കോടി രൂപ നിക്ഷേപം വരുന്ന ബൃഹത് പദ്ധതിയായിട്ടാണ് ബേക്കൽ ടൂറിസം വില്ലേജ് വിഭാവനം ചെയ്യ്തിട്ടുള്ളത്.