മംഗല്‍പാടി പഞ്ചായത്തില്‍ മാലിന്യ നീക്കം ആരംഭിച്ചു

ക്ലീന്‍ കേരള കമ്പനി 28.6 ടണ്‍ മാലിന്യം നീക്കം ചെയ്തു
മാലിന്യ പ്രശ്നം രൂക്ഷമായ മംഗല്‍പാടി പഞ്ചായത്തില്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ മാലിന്യ നീക്കം ആരംഭിച്ചു. ഉപ്പള മാര്‍ക്കറ്റിന് സമീപം കെട്ടിക്കിടന്ന 28.6 ടണ്‍ മാലിന്യം നീക്കം ചെയ്തു. ബാക്കിയുള്ളവ ചൊവ്വാഴ്ച മുതല്‍ നീക്കിത്തുടങ്ങും. രണ്ട് ടോറസ് വാഹനങ്ങളിലായി മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി കൊച്ചിയിലേക്കാണ് കൊണ്ടുപോയത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചട്ടം പാലിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും സംസ്‌കരണത്തിന് കൊണ്ടുപോകുന്നതും. ജില്ലാ ഏകോപന സമിതിയുടെയും മംഗല്‍പാടി പഞ്ചായത്തിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ നീക്കം ആരംഭിച്ചിരിക്കുന്നത്. ഉപ്പള മാര്‍ക്കറ്റ്, ഉപ്പള-കൈക്കമ്പ ദേശീയപാതയോരം, കൈക്കമ്പ ദേശീയപാതയോരത്ത് നിന്ന് മാറിയുള്ള ഉള്‍പ്രദേശം, ബന്തിയോട് എന്നിവിടങ്ങളിലാണ് മാലിന്യം കൂട്ടിവെച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് ഇവിടങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനാവുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി പറഞ്ഞു.
മാലിന്യ നിക്ഷേപം തുടരുന്ന പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ നീക്കം നടക്കുന്നുണ്ട്. ഇതിനായി 26 അംഗ ഹരിത കര്‍മ സേനാ അംഗങ്ങള്‍ പഞ്ചായത്തില്‍ സജീവമാണ്. മംഗല്‍പാടി പഞ്ചായത്തില്‍ ആകെ 23 മിനി എം.സി.എഫുകളാണ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യം ഹരിത കര്‍മ്മസേന മിനി എം.സി.എഫില്‍ നിക്ഷേപിക്കും. തുടര്‍ന്ന്് പഞ്ചായത്ത് ശേഖരിക്കും. കുബന്നൂരിലുള്ള ആര്‍.ആര്‍.എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) കേന്ദ്രത്തിലും മാലിന്യം ശേഖരിക്കുന്നുണ്ട്്.
മംഗല്‍പാടിയില്‍ മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍, ബന്തിയോട്, ഉപ്പള ടൗണ്‍ എന്നിവിടങ്ങളില്‍ കൂട്ടിവെച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദര്‍ശിച്ച് മാലിന്യങ്ങളുടെ ഏകദേശ അളവ് കണക്കാക്കി.
മംഗല്‍പാടി പഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തിരമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, ഡി.ഡി.പി എന്നിവയുടെ മേല്‍നോട്ടത്തിലാണ് മാലിന്യ നീക്കത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ജനുവരി 19ന് യോഗം
മംഗല്‍പാടി പഞ്ചായത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേനകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ജനുവരി 19ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.