ബേക്കൽ ഉപജില്ലാ കലോൽസവം കലവറ നിറച്ചു നാടും നാട്ടുകാരും. ലഹരിക്കെതിരെ രഹസ്യ സ്ക്വഡുമായി മഹാകവി പി സ്മാരക സ്കൂളിൽ ഹോസ്ദുർഗ് പോലീസും

Share

കാഞ്ഞങ്ങാട് : ബേക്കൽ ഉപജില്ലാ കലോൽസവത്തിനെത്തുന്ന പ്രതിഭകൾക്കും ഒഫീഷ്യൽസിനും ഭക്ഷണമൊരുക്കാൻ കലവറ നിറച്ചു.

അജാനൂർ പഞ്ചായത്തിലെ 23 വാർഡുകളിലെയും കുടുംബശ്രീ യൂണിറ്റുകൾ ഒത്തൊരുമിച്ചാണ് നാട്ടുകാരുടെ സഹകരണത്തോടെ കലവറയിലേക്കുള്ള അരി, പച്ചക്കറികൾ, തേങ്ങ, പല വ്യഞ്ജനങ്ങൾ എന്നിവയെത്തിച്ചത്. കിഴക്കുംകര മുച്ചിലോട്ട് ജിഎൽപി സ്‌കൂൾ കേന്ദ്രീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയെത്തിയ കലവറഘോഷയാത്രയ്ക്ക് സംഘാടക സമിതിയും ഭക്ഷണ കമ്മിറ്റിയും സ്വീകരണം നൽകി. കലോൽസവം നടക്കുന്ന 1, 3, 4, 5 തീയതികളിൽ പായസം ഉൾപ്പെടെയുള്ള സദ്യ നൽകും. ദിവസവും മൂവായിരത്തിലധികം പേർക്കാണിത്. കലാപ്രതിഭകൾക്ക് രാവിലെ 2 നേരവും വൈകിട്ടും ചായയും പലഹാരവും നൽകും. സമാപന ദിവസമായ 5 ന് നാട്ടുകാർക്കും സദ്യയുണ്ട്. ദൂരസ്ഥലങ്ങളിലെത്തേണ്ട വിദ്യാർഥികൾക്ക് രാത്രി ഭക്ഷണവുമൊരുക്കും. ദിവസവും 60 ൽ അധികം കുടുംബശ്രീ പ്രവർത്തകർ, റെഡ്ക്രോസ്, ഗൈഡ്സ് കെഡറ്റുകൾ, വൊളൻ്റിയർമാർഎന്നിവർ ഭക്ഷണ ശാലയിൽ സേവനം നൽകും. എം.ദാമോദരൻ ചെയർമാനും എം.ബാബു കൺവീനറുമായ ഫുഡ് കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്

കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് .  വെള്ളിക്കോത്തെ ബേക്കൽ ഉപജില്ലാ കലോൽസവ നഗരിയിൽ ലഹരിക്കെതിരെ രഹസ്യ സ്‌ക്വാഡ് പ്രവർത്തിക്കും.

ഹൊസ്ദുർഗ് പൊലീസിന്റെ നിയന്ത്രണത്തിൽ 2 സ്‌ക്വാഡുകളാണ് പ്രവർത്തിക്കുക. മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന ലഹരി വിരുദ്ധ ക്ലബ് യോഗമാണ് ഈ തീരുമാനമെടുത്തത്. കലോൽസവ നഗരിയിലും ലഹരി ഉപയോഗവും വിപണനവും കർശനമായി തടയുകയാണ് ലക്ഷ്യം.  പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കലോൽസവ സമയങ്ങളിൽ വിവിധ വേദികളിലും സമീപങ്ങളിലും ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതർക്കു  വിവരം കൈമാറി നടപടിയെടുക്കും. വിപുലമായ ലഹരിവിരുദ്ധ കമ്മിറ്റിയും സംഘാടക സമിതിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10ന് സ്‌കൂളിനു സമീപം മനുഷ്യചങ്ങലയുമൊരുക്കി.

Back to Top