തളങ്കരയുടെ കരകൗശല പെരുമ വീണ്ടെടുക്കാന്‍ തളങ്കര തൊപ്പി; പ്രത്യേക പരിശീലനം

Share

കാസര്‍കോട്: നോമ്പുകാലമായാല്‍ കാസര്‍കോടിന്റെ പെരുമ രാജ്യാന്തരമായി ഉയരുന്നത് തളങ്കര തൊപ്പിയിലൂടെയാണ്. തളങ്കരയുടെ ചിരപുരാതനവും രാജ്യാന്തരവുമായ കരകൗശല പെരുമ വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട് നഗരസഭ. ഇതിനായി തളങ്കര തൊപ്പി നിര്‍മ്മാണ കരകൗശല വിദ്യയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഗ്രാമീണ കലാ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരീശീലനം നല്‍കുക.ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് തളങ്കരതൊപ്പിയുടെ നിര്‍മ്മാണത്തിന് പരിശീലനമൊരുക്കുന്നത്. പരിശീലന പരിപാടി 2 മാസത്തോളം നീണ്ടുനില്‍ക്കും. സ്റ്റൈപ്പെന്റോടുകൂടി നടത്തുന്ന പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവരെ ഉള്‍പ്പെടുത്തി സ്വയം സഹായ സംഘം രൂപികരിച്ച് ഉപജീവന സുസ്ഥിരത ഉറപ്പുവരുത്തും. തളങ്കര മാലിക് ദീനാര്‍ മസ്ജിദിലെത്തുന്ന തീര്‍ഥാടകരും ടൂറിസ്റ്റുകളും തളങ്കര തൊപ്പി അന്വേഷിക്കാറുണ്ട്.കേരളത്തിന്റെ കലാകരകൗശല പൈതൃകത്തിനെ പരിപോഷിപ്പിക്കുക, കരകൗശല വിദഗ്ധര്‍ക്ക് ഉപജീവന സുസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2018ല്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ചതാണ് ഗ്രാമീണ കലാ കേന്ദ്രം പദ്ധതി. സംസ്ഥാന വ്യാപകമായി നിലവിലുള്ള നാല്‍പതോളം കരകൗശല പൈതൃക ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധര്‍ക്ക് ഉത്പാദന, വിപണന സൗകര്യമൊരുക്കും വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ആവശ്യമായ പരിശീലനം നല്‍കുക, ഉത്പാദന ഉപകരണങ്ങളും അസംസ്‌കൃത സാധനങ്ങളും ലഭ്യമാക്കുക, വിപണി ബന്ധങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. ടൗണ്‍ഹാളിന്റെ പിന്‍ഭാഗത്ത് ഒന്നാം നിലയില്‍ ഹാളും മുറികളും ഇതിനായി നഗരസഭ ഒരുക്കിട്ടുണ്ട്. 2023 ജനുവരി മൂന്നാം വാരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ഒന്നിന് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തും. തളങ്കര തൊപ്പി നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്ന യോഗ്യരായ എല്ലാ ഗുണഭോക്താക്കളെയും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്‌കരിച്ച് കാസര്‍കോട് നഗരസഭയില്‍ നടപ്പിലാക്കുന്ന പി എം വികാസ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തും.

തൊപ്പി നിര്‍മ്മാണ വിദ്യയില്‍ പരിശീലനം നേടാന്‍ താല്പര്യമുള്ളവര്‍ വാര്‍ഡ് ജനപ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ നഗരസഭ എഞ്ചിനീയറിംഗ് സെക്ഷനില്‍ ജനുവരി 18ന് വൈകിട്ട് 5 നകം നല്‍കണമെന്ന് കാസര്‍കോട് നഗരസഭാ സെക്രട്ടറി അറിയിച്ചു.

 

Back to Top