ബേക്കൽ ഉപജില്ലാ കലോൽസവം 1 മുതൽ 5 വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിൽ

Share

കാഞ്ഞങ്ങാട് :  ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോൽസവം 1 മുതൽ 5 വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസിൽ നടക്കും. ആദ്യദിനം
9.30 നു വിവിധ വേദികളിലായി സ്റ്റേജ് ഇതര മൽസരങ്ങൾ തുടങ്ങും.സംസ്കൃതം, അറബിക്, കന്നഡ സാഹിത്യോത്സവങ്ങളും ഇതോടനുബന്ധിച്ച് നടക്കും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ബേക്കൽ ഉപജില്ലാ പരിധിയിലെ 76 വിദ്യാലയങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ മൽസരിക്കാനെത്തും. 290 ഇനങ്ങളിലായി 5500 മത്സരാർത്ഥികളാണുള്ളത്. സ്റ്റേജിന മൽസരങ്ങൾ 3 നു തുടങ്ങും. അന്നു വൈകിട്ടു 4 മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ കലോൽസവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സർവീസിൽ നിന്നു വിരമിച്ച കാസർകോട് ഡിഡിഇ, കെ.വി.പുഷ്പ ടീച്ചർ, കലോൽസവ ലോഗോ രൂപകൽപന ചെയ്ത ആശു കാഞ്ഞങ്ങാട് എന്നിവർക്ക് എംഎൽഎ ഉപഹാരം സമ്മാനിക്കും. സ്വാഗത നൃത്തശിൽപവും ഉണ്ടാകും. സമാപന സമ്മേളനം 5 ന് വൈകുന്നേരം 4 മണിക്ക് സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്‌സണും അജാനൂർ പഞ്ചായത്ത് പ്രസിഡന്റും ആയ ടി.ശോഭ അധ്യക്ഷത വഹിക്കും. കലോൽസവം നാടിന്റെ ഉൽസവമാക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി ചെയർപേഴ്‌സൺ ടി.ശോഭ, വർക്കിങ് ചെയർമാൻ കെ.ജയൻ, ജനറൽ കൺവീനർ സരള ചെമ്മഞ്ചേരി, ട്രഷറർ ബേക്കൽ എഇഒ, പി.കെ.സുരേഷ്, സ്‌കൂൾ പ്രിൻസിപ്പൽ സൈജു ഫിലിപ്, സബ് കമ്മിറ്റി ഭാരവാഹികളായ പി.പ്രവീൺകുമാർ (ചെയർമാൻ- മീഡിയ), രാജേഷ് സ്‌കറിയ (കൺവീനർ- പ്രോഗ്രാം), പി.വി.ഗീത (കൺവീനർ- ഫിനാൻസ്), എം.ബാബു (കൺവീനർ – ഫുഡ് കമ്മിറ്റി )തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

7 വേദികൾ:  കവിത തുളുമ്പും പേരുകൾ മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മനാടായ വെള്ളിക്കോത്ത് നടക്കുന്ന ബേക്കൽ ഉപജില്ലാ കലോൽസവത്തിനൊരുക്കിയത് 8 വേദികൾ.

8 വേദികൾക്കും മഹാകവി പിയുടെ പ്രശസ്ത കവിതകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. സ്‌കൂളിലെ പ്രധാന വേദിക്ക് താമരത്തോണിയെന്നാണ് പേര്. വേദി 2 : അഴീക്കോടൻ ക്ലബ് (കളിയച്ഛൻ), വേദി 3:  യങ്‌മെൻസ് ക്ലബ് (ചിലമ്പൊലി), വേദി 4:  അടോട്ട് ജോളി ക്ലബ് (മണിവീണ), വേദി 5:  നെഹ്‌റു ബാലവേദി (ശംഖൊലി), വേദി 6:  അടോട്ട് പഴയസ്ഥാനം ഹാൾ (നീരാഞ്ജനം), വേദി 7: അടോട്ട് എകെജി ഹാൾ (ഉപാസന), വേദി 8: കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ (പൂനിലാവ്) എന്നിവയാണ് മറ്റു വേദികൾ

Back to Top