മകരവിളക്കിന് റെക്കോർഡ് തീർത്ഥാടകരെത്തുമെന്ന് വിലയിരുത്തൽ; സന്നിധാനത്ത് വൻ സുരക്ഷയൊരുക്കാൻ പൊലീസ്

Share

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനം. മൂവായിരത്തിലധികം പൊലീസുകാർ സന്നിധാനത്ത് മാത്രം ഡ്യൂട്ടിക്കുണ്ടാകും. കൊവിഡ് കാലത്തിന് ശേഷമുള്ള മകരവിളക്ക് മഹോത്സവത്തിന് റെക്കൊർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശിക്കുന്നതിനായി ഭക്തർ ഇപ്പോൾ തന്നെ സ്ഥലം പിടിച്ചു തുടങ്ങി. തീർത്ഥാടകർക്ക് സുഖകരമായ ദർശനവും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തീർത്ഥാടകർ കൂടുതലായി നിൽകുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും. പൊലീസ്, ആർഎഎഫ്, എൻഡിആർഎഫ്, റവന്യൂ സംയുക്ത സംഘം വിവിധ പോയിന്റുകളിൽ പരിശോധന നടത്തി. ചിലയിടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും, സ്ഥാപിക്കാനും നിർദ്ദേശം നൽകി.അതിനിടെ ശബരിമല തീർത്ഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്ന നിലക്കലിൽ, പാർക്കിങ് ഫീസ് ഈടാക്കുന്നത് ദേവസ്വം ബോർഡ് ഏറ്റെടുത്തു. നേരത്തെ നൽകിയ കരാർ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് കരാർ ഏറ്റെടുത്തത്. ടെണ്ടർ തുക പൂർണമായി അടയ്ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് കരാർ റദ്ദാക്കിയത്. 3.50 കോടിയുടെ കരാറിൽ 1.30 കോടി രൂപയാണ് സജീവൻ അടക്കാൻ ബാക്കിയുണ്ടായിരുന്നത്. ഇതിന് സജീവൻ സാവകാശം തേടിയിരുന്നു. എന്നാൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പല തവണ നോട്ടീസ് നൽകിയതല്ലാതെ സമയം നീട്ടിനൽകിയില്ല. സജീവന് പണം അടക്കാനും സാധിച്ചില്ല. ഇതോടെ നിലക്കലിൽ പാർക്കിങ് ഫീസ് ദേവസ്വം ബോർഡ് തന്നെ നേരിട്ട് പിരിക്കാൻ തീരുമാനമെടുത്തു.ഇക്കുറി തീർത്ഥാടന കാലം തുടങ്ങിയത് മുതൽ നിലക്കൽ പാർക്കിങ് സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. ട്രാഫിക് ബ്ലോക്കും, പാർക്കിങ് സ്ഥലത്തിന്റെ ശോചനീയ അവസ്ഥയും പരാതിക്ക് കാരണമായി. ഈ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. കരാറുകാരൻ പല തവണ പണമടക്കാൻ സാവകാശം തേടിയിരുന്നു. ഇന്ന് ദേവസ്വം ബോർഡിന്റെ ജീവനക്കാർ പാർക്കിങ് ഫീസ് പിരിക്കാൻ രംഗത്തിറങ്ങി.

Back to Top