ജില്ലാശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ

ജില്ലാശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ
ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവട് വെയ്പ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്തു.
ഹൃദയത്തിൻ്റെരക്തധമനികളിലുണ്ടാകുന്ന ബ്ലോക്കുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആൻജിയോഗ്രാം പരിശോധന, പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകൾ നീക്കം ചെയ്യുന്ന ആൻജിയോ പ്ലാസ്റ്റി ശസ്ത്ക്രിയ സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭ്യമാവുന്ന സ്ഥാപനമായി ഇതോടു കൂടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാറിയിരിക്കുകയാണ്.സർക്കാരിൻ്റെ 8 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ കാത്ത്ലാബ് സജ്ജമാക്കിയിട്ടുള്ളത് . സങ്കീർണമായ ഹൃദയ ചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായി മാറും.
ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസ്സുകാരനാണ് ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. ആൻജിയോ ഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയിൽ തന്നെയാണ് ചെയ്തത്.
രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ സി ഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
നിലവിൽ കാത്ത് ലാബ് സി സി യു വിൽ 7 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.