ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടലുടമ ഉൾപ്പെടെ മൂന്ന് പേർ ക​സ്റ്റ‍ഡിയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Share

കാസർകോട്:ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ മൂന്ന് പേർ ക​സ്റ്റഡിയിൽ. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലുടമ ഉൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് ക​സ്റ്റഡിയിലെടുത്തത്. കാസർകോട് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കാസർകോട് ടൗണിലെ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് പെൺകുട്ടി മരണപ്പെട്ടത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് അഞ്ജു ശ്രീപാർവ്വതി മരണമടഞ്ഞത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് നടന്ന രണ്ടാമത്തെ മരണമാണ് അഞ്ജുവിൻ്റേത്.

ഉദുമയിലെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലെെനായി വാങ്ങിയ കുഴിമന്തിയാണ് അഞ്ജു കഴിച്ചത്. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റുവെന്ന് റിപ്പോർട്ടുകളുണ്ട്. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു വ്യക്തമാക്കി. പുതുവർഷത്തോട് അനുബന്ധിച്ചു വാങ്ങിയ ഭക്ഷണമാണ് അഞ്ജുവിൻ്റെ ജീവനെടുത്തത്.
പുതുവർഷമായതുകൊണ്ടുതന്നെ ഹോട്ടലിൽ തിരക്കുള്ള സമയമായിരുന്നു. കുഴിമന്തിയും അൽഫാമും പോലുള്ള ഭക്ഷണങ്ങൾ കൃത്യമായി വേവിച്ചല്ല ഉപഭോക്താക്കൾക്ക് നൽകിയതെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം കുഴിമന്തി കഴിച്ച പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അഞ്ജുവിൻ്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണകാരണം കുഴിമന്തി തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കാസർകോട്ടെയും കണ്ണൂരിലെയും ഉദ്യോഗസ്ഥരെത്തി ഹോട്ടലിൽ പരിശോധന നടത്തുകയാണ്. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണമാണിത്. അൽഫാമിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനുമുൻപ് കാസർകോട് തന്നെ ഷവർമ കഴിച്ച് ദേവനന്ദയെന്ന പെൺകുട്ടി മരിച്ചിരുന്നു.

കുഴിമന്തിയിലൂടെ ഷിഗെല്ല വെെറസാണ് അഞ്ജുവിനെ ബാധിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലെ പ്രധാന വില്ലനായി കടന്നുവരുന്ന സാൽമൊണല്ല, ഷിഗെല്ല വെെറസുകൾ ജീവനെടുക്കുന്ന ക്രൂരൻമാരാണെന്നും ശരിയായ രീതിയിൽ പാകം ചെയ്യാത്തതും വൃത്തിഹീനമായ ചുറ്റുപാടിൽ പാകം ചെയ്യുന്നതും ഇവയെ ജനങ്ങളിലേക്ക് പടർത്താൻ സാഹചര്യമൊരുക്കുമെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പു നൽകുന്നു.

ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറുമെന്നും എന്നാൽ കൂടുതൽ അപകടകാരി ഷിഗെല്ലയാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കുഴിമന്തിയും അൽഫാമും പോലുള്ള അറേബ്യൻ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ മാസം വൃത്തിയായി വേകുന്നില്ലെന്ന പ്രതിസന്ധി ഉയരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഷവർമക്കുള്ളിലുണ്ടാകുന്ന ബോട്ടുലിനം ടോക്‌സിൻ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകാം. പൂർണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോൾ അതിൽ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇവയാണ് ബോട്ടുലിനം ടോക്‌സിൻ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ട ഉപയോഗിച്ചാണ്. കൂടുതൽ സമയം അത് വെച്ചിരുന്നാലും വിഷാംശം ഉണ്ടാകാം. വൃത്തിയില്ലാത്ത സാഹചര്യത്തിലാണെങ്കിൽ അത് ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷമാണ്‌ നല്ല ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ ശുചിത്വ സർട്ടിഫിക്കറ്റ്‌ സംവിധാനം നടപ്പാക്കിയത്‌. എന്നാൽ ആദ്യഘട്ടത്തിൽ സംസ്‌ഥാനത്ത്‌ സർട്ടിഫിക്കറ്റ്‌ ലഭിച്ചത്‌ 519 സ്‌ഥാപനങ്ങൾക്കു മാത്രം. പതിനായിരത്തിൽ പരം സ്‌ഥാപനങ്ങളിൽ പരിശോധന നടത്തിയതിന്‌ ശേഷമാണ്‌ മികവിൻ്റെ അടിസ്‌ഥാനത്തിൽ ഹൈജീൻ സ്‌റ്റാർ നൽകിയത്‌. എക്‌സലൻ്റ്, വെരി ഗുഡ്‌, ഗുഡ്‌ എന്നിങ്ങനെ തരം തിരിച്ചാണ്‌ സ്‌റ്റാർ വിതരണം നടത്തുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സ്‌ഥാപനങ്ങൾക്കാണ്‌ സ്‌റ്റാർ നൽകുന്നത്‌. അതേസമയം ഒമ്പതിനായിരത്തിൽപരം സ്‌ഥാപനങ്ങൾക്ക്‌ മികവ്‌ തെളിയിക്കാൻ കഴിയാതെ പോയിരുന്നു. എന്നിട്ടും അവർക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ തയ്യാറായില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.

 

Back to Top