ബഹുഭാഷാ സമ്മേളനം തുടക്കം മാത്രം: ഇ.പി രാജഗോപാലൻ  

Share

ബഹുഭാഷാ സമ്മേളനം തുടക്കം മാത്രം: ഇ.പി രാജഗോപാലൻ

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ, കേരള സാഹിത്യ അക്കാദമി നടത്തുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം ഒരു തുടക്കം മാത്രമാണെന്നും കാസർകോടിന്റെ ഭാഷാ വൈവിധ്യം പുറം ലോകത്തെത്തിക്കാൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാനുണ്ടെന്നും കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ ആദ്യ യോഗത്തിൽ , സാഹിത്യ അക്കാദമി ,കേരള സാഹിത്യ അക്കാദമി ആണെന്നും മലയാളം സാഹിത്യ അക്കാദമി അല്ലെന്നും വ്യക്തമാക്കിയപ്പോൾ കാസർകോടിന്റെ ഭാഷാ വൈവിധ്യം ആണ് ആദ്യം ഓർമ്മ വന്നത്. തുടർന്നാണ് ബഹുഭാഷാ സമ്മേളനം എന്ന ആശയം ഒരുത്തിരിഞ്ഞ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മേളനങ്ങൾ കൂടുതൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തി വിപുലമായി നടത്തേണ്ടതുണ്ട്. ഭാഷ എന്നത് ജനങ്ങളുടെ അവകാശമാണ്. എല്ലാ ഭാഷകൾക്കും തുല്യമായ അന്തസ്സും പരിഗണനയും പ്രാധാന്യവുമുണ്ട്. കാസർകോട് നഗരം വിട്ട് അതിർത്തി വരെയുള്ള പ്രദേശങ്ങളിൽ പല തരത്തിലുളള പരിപാടികൾ സംഘടിപ്പിച്ചാൽ മാത്രമേ ഭാഷാ വൈവിധ്യത്തെ സർഗാത്മകപരമായും ഭരണഘടനാപരമായും സാഹിത്യപരമായും അംഗീകരിക്കപ്പെടുകയുള്ളൂ. വരും വർഷങ്ങളിലും കേരള സാഹിത്യ അക്കാദമി ഇത്തരത്തിലുള്ള ബഹുഭാഷാ സമ്മേളനം സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി രാജഗോപാലൻ പറഞ്ഞു.

Back to Top