മഞ്ചേശ്വരത്തെ ബഹുഭാഷാ സമ്മേളനം : ചിത്രശാല ഒരുങ്ങുന്നു

കേരള സാഹിത്യ അക്കാദമി മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തിൽ വെച്ച് ജനുവരി 6, 7 തീയതികളിൽ നടത്തുന്ന ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായ ചിത്രശാലയുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.
കാസർകോടിന്റെ മനുഷ്യ പ്രകൃതിയെയും സംസ്കാര ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും പുതുതായി കണ്ടെടുക്കുന്ന ചിത്രങ്ങളാണ് തയ്യാറാവുന്നത്.
കല, ജീവിതം ,ഭാഷ , ഭാവന, അദ്ധ്വാനം എന്നിവയെ പ്രകൃതിയുടെയും നിർമ്മിതിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നവയാണ് ചിത്രങ്ങൾ .
കാസർകോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് ഇതിൽ പങ്കെടുക്കുന്ന എല്ലാ ചിത്രകാരന്മാരും . അവരുടെ കാഴ്ചശീലങ്ങളുടെയും സാംസ്കാരികാനുഭവങ്ങളുടെയും ലയമാണ് ഈ മഞ്ചേശ്വരം ഗാലറിയിൽ തെളിയുക. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ കെട്ടിട നിർമ്മാണ ശൈലികളും ചിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നു.
പ്രകാശ് കുമ്പള,
വിശ്വാസ് മഞ്ചേശ്വർ
സതീഷ് പെഡ്രെ
ശിവൻ ഉപ്പള
സന്തോഷ് പള്ളിക്കര
ശ്യാം പ്രസാദ്
ശ്യാമശശി
രമേശൻ പുതിയോടൻ
ഗിരീശൻ നീലേശ്വരം
ബിജു കാഞ്ഞങ്ങാട്
എന്നീ ചിത്രകാരമാരാണ് സവിശേഷമായ ഈ ചിത്ര നിർമ്മാണത്തിൽ പങ്കാളികളായത്. കേരള തുളു അക്കാദമി ചെയർമാൻ കെ ആർ . ജയാനന്ദ, കേരള സാഹിത്യ അക്കാദമി അംഗങ്ങളായ എം.കെ. മനോഹരൻ , ഇ.പി.രാജഗോപാലൻ, സംഘാടകസമിതി കൺവീനർ ജയചന്ദ്രൻ കുട്ടമത്ത് എന്നിവർ ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകി.
ജനുവരി 6 നും 7 നും ചിത്രങ്ങൾ ഗോവിന്ദ പൈ സ്മാരകത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒപ്പം വിപുലമായ തെയ്യം ഫോട്ടോ പ്രദർശനം, കാർ കോടൻ ഭാഷാ പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നതാണ് . ഗോവിന്ദ പൈ സ്മാരകത്തിലെ യക്ഷഗാന മ്യൂസിയവും സന്ദർശിക്കാവുന്നതാണ്.