75 പിന്നിട്ട കഥകളി സപര്യയുമായി സദനം രാമൻകുട്ടി ആശാൻ

75 പിന്നിട്ട കഥകളി സപര്യയുമായി സദനം രാമൻകുട്ടി ആശാൻ
എത്ര വേദികളിൽ കഥകളി ആടിയെന്ന് ചോദിച്ചാൽ സദനം രാമൻകുട്ടി ആശാന് എണ്ണമില്ല. അത്ര മാത്രം അനന്തമാണ് വേദികൾ. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറിയ ദുര്യോധനവധം കഥകളിയിൽ രൗദ്രഭീമനായി വേഷമിട്ടാണ് സദനം രാമൻകുട്ടി ആശാൻ വേദിയിലെത്തിയത്. നീണ്ട അവതരണത്തിന് ശേഷം ദുശ്ശാസന വധവും കഴിഞ്ഞ് ആട്ടവിളക്ക് അണഞ്ഞപ്പോൾ
മുഖത്തെ ചായം മാറ്റി , വേഷം അഴിച്ച് മാറ്റി ആശാൻ തന്റെ ജീവിത കഥ പറഞ്ഞു തുടങ്ങി.
പന്ത്രണ്ടാം വയസ്സിൽ ലവ കുശൻമാരായി അരങ്ങത്തെത്തിയ ആശാൻ എഴുപത്തിയാറാം വയസ്സിലും കഥകളി സപര്യ തുടരുകയാണ്. പാലക്കാട് പേരൂരിലെ തേക്കിൻ കാട്ടിൽ രാവുണ്ണി നായരായിരുന്നു ആദ്യ ഗുരു. പിന്നീട് പത്മശ്രീ കീഴ്പ്പാടം കുമാരൻ നായരുടെ സഹ അധ്യാപകനായി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ. പിന്നീട് 1980 വരെ ഗാന്ധി സേവാ സദനം കഥകളി അക്കാദമിയിൽ പ്രധാനാധ്യാപകനായി. 1980 മുതൽ 2011 വരെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ കഥകളിയോഗത്തിൽ പ്രധാനാധ്യാപകനായി. ഒപ്പം പ്രധാന നടനായും വിവിധ വേദികളിൽ . 2011 ൽ അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും കഥകളി വേദികളിൽ സജീവമാണ് രാമൻകുട്ടി ആശാൻ. 76 പിന്നിട്ട കാലം വരെ എല്ലാ കഥാപാത്രങ്ങളെയും അരങ്ങത്തെത്തിക്കാനായി എന്നതാണ് ഏറെ സന്തോഷവും സമാധാനവും സംതൃപ്തിയും നൽകുന്ന കാര്യമെന്ന് പറഞ്ഞ് ആശാൻ നിർത്തി.