മനുഷ്യൻ തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കയ്യൂർ ഫെസ്റ്റിന് കഴിയുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു

മനുഷ്യൻ തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കയ്യൂർ ഫെസ്റ്റിന് കഴിയുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു
മനുഷ്യൻ തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കയ്യൂർ ഫെസ്റ്റ് പോലുള്ള ഫെസ്റ്റിവലുകൾക്ക് കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കയ്യൂർ ഫെസ്റ്റ് അഖിലേന്ത്യാ പ്രദർശനത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .അപര വിദ്വേഷത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അയൽക്കാരനെ തെറ്റായി കാണുന്ന കാലത്ത് സർഗാത്മകതയുടെ പരിച ഉയർത്തിപ്പിടിച്ച് നാം മൂന്നോട്ടുപോകുകയാണ്. ഈ പ്രതിരോധത്തിന്റെ ഉദാഹരണമാണ് ഈ ഫെസ്റ്റിലെ ജനപങ്കാളിത്തം. ഇത്തരം സമ്മേളനങ്ങളിൽ ജാതിയുടേയും മതത്തിന്റെയും വേർതിരിവില്ലാതെ ഒരുമിച്ചിരിക്കുമ്പോൾ ഒത്തൊരുമയുടെ സന്ദേശമാണ് നൽകുന്നത്. സ്വന്തം വീടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് ഒതുങ്ങുന്ന കാലത്ത് ജനങ്ങളെ ഇത്തരം വേദികളിലേക്ക് എത്തിക്കുന്നത് വലിയ കാര്യമാണ്. സംഗീതം ആസ്വദിക്കുമ്പോൾ മനുഷ്യരിൽ ഐക്യബോധമുണ്ടാകുന്നു. ഇതാണ് കലയുടെ ശക്തി . മനുഷ്യമനസിൽ വെറുപ്പിന്റെ മതിൽ കെട്ടുവാൻ ശ്രമിക്കുന്ന കാലത്ത് സ്നേഹത്തിന്റെ പാലം തീർക്കുന്നതാണ് ഇത്തരം ഫെസ്റ്റുകൾ . ഇന്ന് നാം നേരിടുന്ന വെറുപ്പിന്റെയും ലഹരിയുടെയും ഭീഷണി ഇത്തരം സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പരിച കൊണ്ട് നേരിടണമെന്നും മന്ത്രി പറഞ്ഞു.
എം രാജഗോപാലൻ എം എൽ എ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. ശകുന്തള, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ വി.വി. രമേശൻ , സംഘാടക സമിതി കൺവീനർ എം. രാജീവൻ , കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത , സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി. ദാമോദരൻ, കയനി കുഞ്ഞിക്കണ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കയ്യൂർ ജിഎൽ പി സ്കൂൾ ഹെഡ് മാസ്റ്റർ മധുസൂദനൻ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.പി.വിജയകുമാർ നന്ദിയും പറഞ്ഞു.
കോഴിക്കോട് സൂപ്പർ ട്രൂപ്പിന്റെ കലാപരിപാടികൾ അരങ്ങേറി.