കാസർകോട് ജില്ലയിൽ ചെള്ളുപനി, ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Share

കാസർകോട് : ജില്ലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിക്കുകയും സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞുചെള്ളുകളുടെ കടിയേറ്റാൽ മനുഷ്യരിലേക്ക് പകരാനിടയാകും. ലെപ്റ്റോട്രോംബിഡിയം ജനുസ്സിലെ ട്രോമ്പി കുലിഡ് (മൈറ്റ്) ആണ് രോഗവാഹകർ. ഈ ലാർവ ചിഗ്ഗറുകൾ എന്നും അറിയപ്പെടുന്നു. ഈ പ്രാണിയുടെ കടിയേൽക്കുമ്പോഴാണ് രോഗമുണ്ടാവുന്നത്. ചെറിയ സസ്യങ്ങൾ (സ്‌ക്രബ്) വളരുന്ന പ്രദേശങ്ങളിലാണ് ഈ അസുഖം കൂടുതൽ കാണപ്പെടുന്നത്. മനുഷ്യർ ഈ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ ചിഗ്ഗർ കടിയിൽനിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.ലക്ഷണങ്ങൾ

* രോഗബാധയുള്ള ലാർവ ട്രോംബിക്യുലിഡ് പ്രാണി (ചിഗ്ഗർ) കടിച്ച് ഏഴുമുതൽ 10 ദിവസങ്ങൾക്കുള്ളിൽ പനി പ്രത്യക്ഷപ്പെടുന്നു. രോഗികളിൽ സാധാരണമായി ഈ പനി ദീർഘനേരം നീണ്ടുനിൽക്കും. തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

* ഈ രോഗികളിൽ വ്രണം വന്ന സ്ഥലത്തിന്റെ അടുത്തുള്ള ലിംഫ് ഗ്രന്ഥികളിലോ മറ്റു പല ലിംഫ് ഗ്രന്ഥികളിലോ വീക്കവും അനുഭവപ്പെടാറുണ്ട്.

* ചില രോഗികളിൽ ഓക്കാനം, ഛർദി, അല്ലെങ്കിൽ വയറിളക്കം എന്നിവ കാണാറുണ്ട്. രോഗതീവ്രത കൂടുമ്പോൾ അത് വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.

പ്രതിരോധ മാർഗങ്ങൾ:

* വിറകുശേഖരിക്കുന്നവർ, പശുവളർത്തുന്നവർ, കൃഷി, റബ്ബർ ടാപ്പിങ് തുടങ്ങി കുറ്റിക്കാടുകളുമായി ബന്ധപ്പെട്ട പണിയിൽലേർപ്പെടുന്നവർ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. * തൊഴിൽ കഴിഞ്ഞെത്തിയ ഉടൻ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കുളിക്കുക. *പ്രാണികളുടെ കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ പുരട്ടുക. * വീട്ടുപരിസരത്തെ, ചെള്ളുകൾ പറ്റിപ്പിടിക്കാൻ സാധ്യതയുള്ള കുറ്റിക്കാടുകൾ നീക്കുക. *എലികൾ വളരുന്ന സാഹചര്യം ഒഴിവാക്കുക. *പരിസരശുചിത്വം ഉറപ്പാക്കുക.

 

Back to Top