ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്സെന്ന് അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ

ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്സാണെന്നും ക്യൂബയുമായുള്ള ബന്ധം നിലനിർത്താൻ മലയാളികൾ നൽകുന്ന സംഭാവനകൾ അവിസ്മരണീയമാണെന്നും ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ മികച്ച സഹകരണത്തോടെയും സൗഹൃദത്തോടെയുമാണ് ഇന്ത്യ- ക്യൂബ ബന്ധം മുന്നോട്ട് പോകുന്നത്. 1959 ൽ തുടങ്ങിയ ഇന്ത്യ- ക്യൂബ ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ ഐക്യത്തോടെയാണ് നിലനിൽകുന്നത്. അതിനു വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന , പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ വേദി ഉപയാഗിക്കുന്നുവെന്നും അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ പറഞ്ഞു.
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി . സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം എൽ എ, ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ സിമാൻ കാസ് മാരിന് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത്, മുൻ എം.എൽ എ കെ.വി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ എ.വി ശിവപ്രസാദ് സ്വാഗതവും ഗസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ രവിവർമ്മൻ നന്ദിയും പറഞ്ഞു.