കെഎസ്ആര്‍ടിസി ടിക്കറ്റിന് പണം ഇനി ഫോണ്‍ പേ വഴി; പുതിയ സംവിധാനത്തിന് ഇന്ന് തുടക്കം

Share

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിനു ഓണ്‍ലൈനിലൂടെ പണം നല്‍കാനുള്ള സംവിധാനം നിലവില്‍ വരുന്നു. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇന്ന് മുതല്‍ ടിക്കറ്റ് ചാര്‍ജ് ഫോണ്‍ പേ വഴി പണം നല്‍കാം.

ക്യൂ ആര്‍ കോഡ് വഴി പണം അടയ്ക്കാനുള്ള സംവിധാനത്തിന് രാവിലെ 10.30ന് മന്ത്രി ആന്റണി രാജു തുടക്കമിടും. മന്ത്രിയുടെ ചേംബറില്‍ ഇങ്ങനെ ആദ്യ ടിക്കറ്റെടുത്താണ് ഉദ്ഘാടനം. വരും നാളുകളില്‍ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കുന്നത്.

അതേസമയം സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേയ്ക്ക് ഉടന്‍ മടങ്ങും. ജനുവരി മുതല്‍ യൂണിഫോമില്‍ മാറ്റം വരുത്താനാണ് മാനേജ്‌മെന്റിന്റെ ആലോചന. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറത്തിലുള്ള യൂണിഫോമായിരുന്നു നല്‍കിയിരുന്നത്. ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ആയിരുന്നു.

യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യമായിരുന്നു ഇത്. ഏട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്ആര്‍ടിസി മടങ്ങുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കുമാണ് കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും.

 

Back to Top