മലബാറിക്കസിന്റെ പാട്ടിലലിഞ്ഞ് ബേക്കൽ.. സംഗീത നിശ ആസ്വദിക്കാനെത്തിയത് ലക്ഷങ്ങൾ…

മലബാറിക്കസിന്റെ പാട്ടിലലിഞ്ഞ് ബേക്കൽ..
സംഗീത നിശ ആസ്വദിക്കാനെത്തിയത് പതിനായിരങ്ങൾ
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രമുഖ പിന്നണി ഗായിക സിതാരാ കൃഷ്ണകുമാറിന്റെ സിതാരാസ് പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത നിശ ബേക്കൽ ബീച്ചിലെത്തിയ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ നിമിഷങ്ങൾ. രണ്ട് മണിക്കൂറോളം നീണ്ട സംഗീത പരിപാടി ആസ്വദിക്കാൻ ബീച്ചിലെത്തിയത് പതിനായിരങ്ങളായിരുന്നു. സിതാരാ കൃഷ്ണകുമാറിനൊപ്പം ഗായകൻ നിരഞ്ജ് സുരേഷും ഗാനങ്ങളുമായി വേദിയിലെത്തി.
ബി. കെ. ഹരിനാരായണന്റെ വരികൾക്ക് സിതാര തന്നെ ഈണം നൽകിയ “ഓരോ ഋതുവിനുള്ളിൽ .. ” എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നീടുള്ള ഓരോ പാട്ടുകളിലും സദസ്സ് അലിഞ്ഞ് ചേരുകയായിരുന്നു. ഒപ്പം പാടി, നൃത്തം വെച്ച് സംഗീത നിശയിൽ മതിമറന്നാടുകയായിരുന്നു ഓരോരുത്തരും. മനുഷ്യൻ പ്രകൃതിയിലുണ്ടാക്കുന്ന ചൂഷണങ്ങൾ പറയുന്ന “അരുതരുത്..” എന്ന ഗാനം വേറിട്ടതായി. ബി.കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് പ്രൊജക്ട് മലബാറിക്കസ് ആണ് ഈണം നൽകിയിരിക്കുന്നത്. കെ രാഘവൻ മാസ്റ്ററുടെ “എല്ലാരും ചൊല്ലണ്..” മുതൽ ഓരോ തലമുറയും ഏറ്റെടുത്ത ഗാനങ്ങൾ പുതിയ ഭാവത്തിൽ ,പുതിയ താളത്തിൽ സിതാര കൃഷ്ണകുമാർ വേദിയിൽ എത്തിച്ചതോടെ പ്രായഭേദമന്യേ സംഗീത നിശയുടെ ഭാഗമാകുകയായിരുന്നു ഓരോരുത്തരും .