സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ച് കേരളത്തിന് ജയത്തുടക്കം

Share

കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിന്‍റെ പിറ്റേന്ന് ഏഴ് നക്ഷത്രങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ ആകാശത്ത് വിരിഞ്ഞു. രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ച് എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് കേരളം സ്വപ്‌ന തുടക്കമിട്ടു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും നല്‍കുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമാകും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ കനത്ത ചൂടില്‍ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് ആശ്വാസമഴ പോലെയാണ് കേരളത്തിന്‍റെ ഏഴ് ഗോളുകള്‍ പെയ്‌തിറങ്ങിയത്. ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് കേരളം.

Back to Top