ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് ബേക്കൽ ബീച്ച് ഫെസ്‌റ്റ്‌ ആദ്യ ദിനം കാൽ ലക്ഷം പേർ ബീച്ച് ഫെസ്റ്റ് വീക്ഷിക്കാനെത്തി

Share

ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് ബേക്കൽ ബീച്ച് ഫെസ്‌റ്റ്‌

ക്രിസ്മസ് ദിനത്തെ വർണ്ണാഭമാക്കാൻ നിരവധിയാളുകളാണ് രണ്ടാം ദിനം ബേക്കൽ ബിച്ച് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത്. വിവിധ വകുപ്പുകളുടെ പവലിയനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ബീച്ച് ഫെസ്റ്റിവലിന്റെ വൈവിധ്യങ്ങൾ ആസ്വദിക്കാനെത്തുന്നവർക്ക് കൃത്യമായ മാർഗ നിർദേശങ്ങളുമായി സംഘാടകർ ഉണ്ട്. യാത്രാ ശ്രീ പ്രവർത്തകർ മുഴുവൻ സമയവും ഫെസ്റ്റിവൽ നഗരിയിൽ സേവന സന്നദ്ധരായുണ്ട്.

പാർക്കിങിന് വിപുലമായ സൗകര്യം

ബേക്കൽ ബീച്ചിന്റെ സമീപം 300 മീറ്റർ ചുറ്റളവിൽ 12 കേന്ദ്രങ്ങളിലായി 20 ഏക്കർ സ്ഥലം പാർക്കിങ്ങിനായി സജീകരിച്ചിരിച്ചിട്ടുണ്ട്. 2500ലധികം വാഹനങ്ങൾക്ക് ഒരേസമയം ഇവിടെ പാർക്ക് ചെയ്യാനാകും. ബസുകൾ പാർക്ക് ചെയ്യുന്നതിനായി 100രൂപയും, മിനി ബസ്, കാർ, ടു വീലർ തുടങ്ങിയവയുടെ പാർക്കിങ്ങിനായി 70, 40, 20 രൂപയുമാണ് യഥാക്രമം ഈടാക്കുക. വിപുലമായ വെളിച്ച സംവിധാനങ്ങളും കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്ന സൂചനാ ബോർഡുകളും ഒരുക്കിയിട്ടുണ്ട്.
പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പാർക്കിംഗ് നിയന്ത്രിക്കുന്നത്. പള്ളിക്കര സർവീസ് ബാങ്ക് ജീവനക്കാരോടൊപ്പോം പോലീസുകാർ, ബീച്ച് പാർക്കിലെ ജീവനക്കാർ, പത്തോളം സെക്യൂരിറ്റി ജീവനക്കാർ, മറ്റു വോളണ്ടിയർമാരുടെ സേവനവുമുണ്ട്.

പ്രിയമേറി കോട്ടൺ ക്ലോത്ത് പാഡുകൾ

പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സാനിറ്ററി നാപ്കിനുകളുടെ ഉപയോഗ സാധ്യത തേടി നിരവധി സ്ത്രീകളാണ് വ്യവസ്യായ വകുപ്പിന്റെ ത്രയംബക ഗാർമെന്റ്സ് സന്ദർശിക്കുന്നത്. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത തുണികൊണ്ടുള്ള പാഡുകളാണ് ത്രയംബക ഗാർമെന്റ്സിന്റെ എ 3 ക്രിയേഷൻ എന്ന ബ്രാന്റിലൂടെ വിറ്റഴിക്കുന്നത്. മടിക്കൈയിലെ പി.രാജിയും ഭർത്താവ് പി.ഷനോജുമാണ് പാഡുകൾ നിർമ്മിക്കുന്നത്. 6 പാഡുകൾ അടങ്ങിയ പാക്കേറ്റിന് 750 രൂപയും 3 പാഡുകൾ അടങ്ങിയ പാക്കേറ്റിന് 480 രൂപയുമാണ് വില. സാനിറ്ററി നാപ്കിനുകളെ കൂടാതെ കുട്ടികൾക്കും രോഗികൾക്കുമുള്ള ഡയപ്പറും ത്രയംബക ഗാർമെന്റ്സ് നിർമ്മിക്കുന്നുണ്ട്.

വ്യവസായ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

ബേക്കൽ ഫെസ്റ്റിന്റെ ഭാഗമായി ചെറുകിട വ്യവസായ എക്സിബിഷൻ ഇൻഡെക്സ് 22 – 23 സി.എച്ച്.കുഞ്ഞമ്പു എം എൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ പ്രദേശത്ത് നിന്നുമുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, വസ്ത്ര നിർമാണം, പേപ്പർ പ്ലേറ്റ് , ഡോർസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, കരകൗശല വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകൾ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ, മനേജർ ആർ. രേഖ, അസി.ഡയറക്ടർ കെ.പി സജീർ തുടങ്ങിയവർ സംബന്ധിച്ചു.

കുട്ടികളെ മാടി വിളിച്ച് റോബോട്ടിക് ഷോ

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ.. സിനിമകളിലും ടി വി പരിപാടികളിലും കണ്ടിരുന്ന റോബോട്ടുകളെ നേരിൽ കാണുമ്പോഴുള്ള കൗതുകം. ബേക്കൽ ഫെസ്റ്റിവൽ നഗരിയിലെ റോബോട്ടിക് ഷോ കാണാനെത്തുന്ന കുട്ടികൾക്കുപ്പെടെ പുതുമ സമ്മാനിക്കുന്ന അനുഭവങ്ങൾ ആണ് സമ്മാനിക്കുന്നത്.
ബേക്കൽ ബീച്ച് ഫെസ്റ്റിൽ കുട്ടികളെ ഏറെ ആകർഷിക്കുന്നതായി റോബോട്ടിക് ഷോ മാറുന്നു. റോബോട്ടിനെ കാണാനും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാന്ന് മനസിലാക്കാനും ഷോയിൽ അവസരമൊരുക്കുന്നു. റോബോട്ടിന്റെ നിർമ്മാണ ഘട്ടം മുതൽ പൂർണത വരെയുള്ള കാര്യങ്ങൾ അറിയാനും ഷോയിലൂടെ സാധിക്കും. വെർച്വൽ റിയാലിറ്റിയിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഷോയ്ക്ക് കഴിയുന്നു. ടെക്നോളജിയുടെ പുതിയൊരു മാസ്മരിക ലോകം തന്നെയാണ് റോബോട്ടിക് ഷോ തുറന്നിടുന്നത്.

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഭാഗ്യവും പരീക്ഷിക്കാം

ബേക്കൽ ഇന്റർനാഷണൽ ബിച്ച് ഫെസ്റ്റിന്റെ ഭാഗമായി സന്ദർശകരുടെ ടിക്കറ്റുകൾ ശേഖരിച്ച് എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി ഒരോ വിജയിയെ കണ്ടെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. പേരും മൊബൈൽ നമ്പറും എഴുതി കൊണ്ടുവരുന്ന ടിക്കറ്റുകൾ ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സിലാണ് നിക്ഷേപിക്കേണ്ടത്. രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ശേഖരിച്ച ടിക്കറ്റുകളുടെ നറുക്കെടുപ്പ് അതേ ദിവസം രാത്രി 11.30ന് നടത്തും. വിജയിയെ അവരുടെ മൊബൈൽ നമ്പറിൽ വിളിച്ച് അറിയിക്കുകയും ഒപ്പം പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിലും ഫെസ്റ്റിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകളിലും പ്രഖ്യാപിക്കും. വിജയിക്കുള്ള സമ്മാനം എല്ലാ ദിവസവും രാവിലെ 11 മണിക്ക് പ്രധാന വേദിയായ ചന്ദ്രഗിരിയിൽ വെച്ച് നൽകുന്നതായിരിക്കും.

Back to Top