തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തില്‍ ഉക്രൈന്‍ യുദ്ധം ഓര്‍മ്മപ്പെടുത്തി മാര്‍പാപ്പ

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തില്‍ ഉക്രൈന്‍ യുദ്ധം ഓര്‍മ്മപ്പെടുത്തി മാര്‍പാപ്പ
തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മ്മകള്‍ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങള്‍ പങ്കിട്ടും ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടി.വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി.യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും പരാമര്‍ശിച്ച മാര്‍പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെ പോലും വിഴുങ്ങാന്‍ കഴിയുന്ന തരത്തില്‍ എത്തിയിട്ടുണ്ടെന്നും പറഞ്ഞു.
സുവിശേഷം വായിച്ച ശേഷം, യേശുവിന്‍റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. വത്തിക്കാനിലും യേശു ജനിച്ച ബെത്ലഹേമിലെ നേറ്റിവിറ്റി ചര്‍ച്ചിലും നടന്ന വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനാ നിമിഷങ്ങളെ വിശ്വാസികള്‍ സ്വാഗതം ചെയ്തു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഈ വര്‍ഷത്തേത്. നാലായിരത്തിലധികം വിശ്വാസികള്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളും പ്രത്യേക ശുശ്രൂഷയിലും പങ്കെടുത്തു.