ചാറ്റ് വിത്ത് മിനിസ്റ്റർ’: സംരംഭകർക്ക് നേരിട്ട് സംവദിക്കാൻ അവസരം

വ്യവസായ സംരംഭകർക്ക് അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. “ചാറ്റ് വിത്ത് മിനിസ്റ്റർ” എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന്റെ ഉത്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. സംരംഭകർക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്സാപ്പ് കോൺടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയക്കാവുന്നതാണ്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ജില്ലാതല റിസോഴ്സസ് പേഴ്സൺമാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികൾ സ്വീകരിക്കും.
പരാതികൾ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ച് സംരംഭകർക്ക് ഉചിതമായ മറുപടി നൽകുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്ഷം കൊണ്ട് ഈ സമയപരിധി 48 മണിക്കൂർ ആക്കാൻ ആണ് വ്യവസായ വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ നമ്പറിലേയ്ക്ക് സന്ദേശം അയക്കാം. സംരംഭകർക്ക് തടസങ്ങളില്ലാതെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ സൗകര്യമൊരുക്കാനാണ് ഈ സംവിധാനമെന്നും പി.രാജീവ് പറഞ്ഞു.
ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ഹരികിഷോർ എന്നിവരും പങ്കെടുത്തു.