സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുന്നു ; മുഖ്യമന്ത്രി

Share

സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് കേന്ദ്രം ഇടങ്കോലിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബദല്‍ നയങ്ങളുമായി രാജ്യത്തിലെ ഒറ്റതുരുത്തായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായി മുന്നോട്ട് പോകാൻ പാടില്ലെന്നാണ് ആര്‍.എസ്‌.എസ് ചിന്തിക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കേന്ദ്രം ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം കേരളത്തിന് അനിവാര്യമാണ്. വികസന നയവുമായി തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും. ബിജെപിയെ എതിര്‍ക്കുന്നവരെന്ന് പറയുന്ന കോണ്‍ഗ്രസ് കേരളത്തിന്റെ ബദല്‍ നയങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വര്‍ഗ്ഗീയതയുമായി സന്ധി ചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. വിലക്കയറ്റം കാരണം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്തവര്‍ മനപ്പൂര്‍വ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപറയുകയാണെന്നും ആര്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അതിസങ്കീര്‍ണമായ പ്രതിസന്ധി നേരിടുമ്പോള്‍ സി.എച്ച് മുഹമ്മദ്‌ കോയയെ പോലുള്ള നേതാക്കളുടെ ഓര്‍മ്മകള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to Top