വലിയപറമ്പില്‍ സുനാമി ദുരന്ത നിവാരണത്തിന്റെ മാതൃക തീര്‍ത്ത് മോക്ഡ്രില്‍

Share

ശാന്ത സുന്ദരമായ കടലിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികളെയും തീരദേശത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തി വൈകുന്നേരം 3.57 ന് കളക്ടറേറ്റില്‍ നിന്ന് സുനാമി മുന്നറിയിപ്പ് ലഭിക്കുന്നു. ഒരു നിമിഷം പരിഭ്രാന്തരായ ജനത്തിന് കടല്‍ത്തീരത്തുനിന്ന് മാറാനുള്ള നിര്‍ദേശം ലഭിച്ചു. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ കടല്‍ത്തീരത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ്മെന്റ് നടത്തി. ചന്തേര പോലീസ്, തൃക്കരിപ്പൂര്‍ അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് കടല്‍ത്തീരത്തെ വീടുകളില്‍ നിന്നും ബീച്ചില്‍ നിന്നുമുള്ള ജനത്തെ എത്രയും വേഗം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സിലും, ഫയര്‍ ഫോഴ്സ് വാഹനത്തിലും പഞ്ചായത്തിന്റെയും മറ്റും സര്‍ക്കാര്‍ വാഹനങ്ങളിലും ജനങ്ങളെ സമീപത്തെ മസാലിഹുള്‍ ഇസ്ലാം മദ്രസയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടത്തി. ജനങ്ങളും നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിച്ചു. 58 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഇതിനിടയില്‍ 19 പേര്‍ക്ക് പരിക്കേറ്റു. അതില്‍ ഗുരുതരമായ പരിക്കുകളുള്ള എട്ടു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രഥമ ശൂശ്രൂഷ നല്‍കി വിട്ടയച്ചു. സുനാമി ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോക്ഡ്രില്‍ നടത്തിയത്. മോക്ഡ്രില്‍ ഒരു മണിക്കൂറോളം നീണ്ട മോക്ഡ്രില്‍ നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പര്യാപ്തമായി. ജില്ലാ ദുരന്ത നിവാരണ വിഭാഗമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥര്‍, തൃക്കരിപ്പൂര്‍ ഫയര്‍ ഓഫീസര്‍ കെ.എം.ശ്രീനാഥന്റെ നേതൃത്വത്തിലുള്ള 14 ഫയര്‍ ഫോഴ്സ് ഉദ്യോഹൃഗസ്ഥര്‍ , 30 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍, ചന്തേര, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സേന എന്നിവര്‍ മോകഡ്രില്ലിന്റെ ഭാഗമായി. വലിയപറമ്പ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ മനോജിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍, എഡിഎം എ.കെ.രമേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ മോക്ഡ്രില്ലിന്റെ ഭാഗമായി.

ഫോട്ടോ(മോക് ഡ്രില്‍ 1, 2, 3, 4, 5) വലിയപറമ്പില്‍ നടത്തിയ മോക്ഡ്രില്‍ ദൃശ്യങ്ങള്‍

Back to Top