സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടായാൽ ഭരണസമിതിക്ക്‌ സസ്‌പെൻഷൻ ബില്ല് നിയമസഭയിൽ.

Share

തിരുവനന്തപുരം
സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടായാൽ ഭരണസമിതിക്ക്‌ സസ്‌പെൻഷൻ. മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അവതരിപ്പിച്ച സഹകരണനിയമ ഭേദഗതി ബില്ലിലാണ്‌ നിർദേശം. ഒരംഗം രണ്ട്‌ തവണയിലധികം ഭരണരംഗത്ത്‌ വരുന്നതും തടയും. പ്രാഥമിക സഹകരണ സംഘങ്ങളിലടക്കം അത്യാധുനിക സൗകര്യങ്ങളൊരുക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

സഹകരണമേഖലയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കുറ്റമറ്റതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഭേദഗതി.
സഹകരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക്‌ നാല്‌ ശതമാനം സംവരണമേർപ്പെടുത്തും. എല്ലാ അപെക്‌സ്‌ സൊസൈറ്റികളിലെയും നിയമനം പിഎസ്‌സിക്ക്‌ വിടണമെന്ന ശുപാർശയും മുന്നോട്ടുവയ്‌ക്കുന്ന ബിൽ സെലക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു.

സബ്‌സിഡിയറി സ്ഥാപനങ്ങൾ സർപ്ലസ്‌ ഫണ്ടുപയോഗിച്ച്‌ സ്വകാര്യസ്ഥാപനങ്ങൾ രൂപീകരിച്ച്‌ ബിസിനസ്‌ നടത്തുന്നതിന്‌ നിയന്ത്രണമുണ്ടാകും. അറ്റാദായം കേരള ബാങ്കിൽ നിക്ഷേപിക്കാതെ നോൺ ബാങ്കിങ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന്‌ മാറ്റം വരുത്തും. കൺകറന്റ്‌ ഓഡിറ്റർ ഭരണസമിതിയുടെ താൽപ്പര്യമനുസരിച്ച്‌ റിപ്പോർട്ട്‌ നൽകുന്നതിന്‌ മാറ്റം വരുത്തും.

ക്രമക്കേടിനും നഷ്‌ടത്തിനും ഉത്തരവാദിയിൽനിന്ന്‌ തുക തിരികെ പിടിക്കാനുള്ള വകുപ്പുകൾ ശക്തമാക്കും. എല്ലാ സംഘങ്ങളിലും പരിശോധന കൃത്യമാക്കും. ക്രമക്കേട്‌ പൊലീസും വിജിലൻസും അന്വേഷിക്കുന്ന ഭേദഗതിയുമുണ്ട്‌. സഹകരണ പെൻഷൻ സഹകരണ ബോർഡ്‌ വഴിയാക്കും. ലിക്വിഡേഷൻ പ്രവർത്തനം എളുപ്പത്തിൽ നടപ്പാക്കുകയും ആസ്തി നഷ്ടമില്ലാതാക്കാൻ നടപടിയെടുക്കാനുള്ള വകുപ്പുകളും ബില്ലിലുണ്ട്‌.

Back to Top