സിറ്റി ഗ്യാസ് പദ്ധതി ആറുമാസത്തിനകം ജില്ലയിലുമെത്തും

കാഞ്ഞങ്ങാട്:പോക്കറ്റ് കീറാതെ വീടുകളിലെ ഇന്ധന ആവശ്യം നിറവേറ്റിത്തരുന്ന സിറ്റി ഗ്യാസ് ആറുമാസത്തിനകം ജില്ലയിലുമെത്തും. *കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂർ പഞ്ചായത്തിലെയും വീടുകളിലാണ് പൈപ്പ്‌ലൈൻ വഴി പാചകവാതകം ആദ്യമെത്തുക*. മഴകാരണം ഇടക്ക് മുടങ്ങിപ്പോയ പദ്ധതിപ്രവർത്തനം പുനരാരംഭിച്ചു. കോട്ടപ്പാറ–- മാവുങ്കാൽ , മൂലകണ്ടം–- വെള്ളിക്കോത്ത്‌വഴി ചിത്താരിവരെയുള്ള എട്ടുകിലോമീറ്റർ പൈപ്പ് ലൈൻ നേരത്തെ സ്ഥാപിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ മറ്റിടങ്ങളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. അജാനൂർ പഞ്ചായത്തിൽ റോഡ് മാർഗമുള്ള പൈപ്പിടൽ പൂർത്തിയായി. ഇവിടെ വീടുകളിലേക്കുള്ള പൈപ്പിടലും ഉടൻ ആരംഭിക്കും . പൈപ്പ് ലൈൻ പൂർത്തിയാകുന്ന വാർഡുകൾ കേന്ദ്രീകരിച്ച് കമ്പനിയുടെ ഏജൻസികൾ പ്രവർത്തിക്കും. വാർഡ് കൗൺസിലർ , പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നിർദേശപ്രകാരം വീടുകളിലെത്തിയാണ് രജിസ്ട്രേഷൻ. കണക്ഷനുള്ള അനുബന്ധജോലികളും കമ്പനിതന്നെ ചെയ്യും. കാസർകോട് നഗരഭയിലേക്കുള്ള പ്രവൃത്തിയുടെ ടെണ്ടർ നടപടി പൂർത്തിയായി.
മുൻകൂർ തുക വേണ്ട
അപകടസാധ്യത തീരെയില്ലെന്നതും ചിലവ് കുറയുമെന്നതുമാണ് പദ്ധതിയെ പ്രിയങ്കരമാക്കുന്നത്. ഗ്യാസ് സിലിൻഡർ വാങ്ങുന്നതുപോലെ മുൻകൂട്ടി പണമടക്കേണ്ടതില്ല. ഉപയോഗിച്ചശേഷം മീറ്റർനോക്കി തുക അടച്ചാൽ മതി.
വാൾവ് സ്‌റ്റേഷൻ
കോട്ടപ്പാറയിൽ
കോട്ടപ്പാറയിലെ വാൾവ്‌സ്‌റ്റേഷനിൽ നിന്നാണ് പ്രകൃതിവാതകം പൈപ്പ് ലൈൻ വഴി വീടുകൾക്ക് നൽകുക. കുറഞ്ഞ പ്രഷർ, മീഡിയം പ്രഷൻ, ഉയർന്ന പ്രഷർ എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള പ്രകൃതിവാതകമാണ് ലഭിക്കുക. ഇതിൽ കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക്.
സുരക്ഷിതം
വായുവിനെക്കാള്‍ മര്‍ദം കുറഞ്ഞതാണ് പ്രകൃതിവാതകം. അതിനാല്‍ ഇവ മേല്‍പ്പോട്ട് ഉയര്‍ന്നുപൊങ്ങും.
പാചകവാതകമായി ഉപയോഗിക്കുന്ന എല്‍പിജി പോലെ ഇവ താഴെ തളംകെട്ടി നില്‍ക്കുന്നില്ല. ഇതിനുപുറമെ പ്രകൃതിവാതകം സ്വയം കത്തുന്നതിനുള്ള ചൂട് 580 ഡിഗ്രി സെല്‍ഷ്യസ് ആണ്. എല്‍പിജിയുടേത് 480 ഡിഗ്രി സെല്‍ഷ്യസും. ഇക്കാരണങ്ങളാല്‍ എല്‍പിജിയേക്കാള്‍ സുരക്ഷിതം.
തീപിടിക്കില്ല, ചോരില്ല
വാതകത്തിന് തനിയെ തീപിടിക്കില്ല. ഓക്സിജന്‍, ഇഗ്നീഷ്യന്‍ സ്രോതസ്സ്, പ്രകൃതിവാതകം ഇവ വേണ്ട മാത്രയില്‍ ചേര്‍ന്നാല്‍ മാത്രമേ തീപിടിക്കൂ.
അതീവസുരക്ഷയോടെയാണ് വാതക പൈപ്പ് വിഭാവനംചെയ്‌തത്. ചോരാനുള്ള ഒരു സാഹചര്യവുമില്ല. ഓക്സിജനുപുറമേ 580 ഡിഗ്രി ഊഷ്മാവ് നല്‍കാവുന്ന സ്രോതസ്സുകൂടി ഉണ്ടെങ്കിലേ പ്രകൃതിവാതകം തീപിടിക്കുകയുള്ളു.