കാനറികളുടെ ചിറകരിഞ്ഞു ക്രൊയേഷ്യ

Share

ഖത്തർ : കരുത്തർ വീണു !
“ലൂക്ക മോഡ്രിച്ചിനെയും കൂട്ടുകാരെയും ഇനി ലോകം ഭയക്കും! ജയന്റ് കില്ലർമാരായ ഈ സംഘം ഏറ്റവുമൊടുവിൽ വീഴ്ത്തിയതു ലോകകപ്പിലെ ഫേവറിറ്റുകൾ എന്ന പദവിയുമായെത്തിയ ബ്രസീലിനെ! നിശ്ചിത സമയത്തും പിന്നീട് എക്സ്ട്രാ ടൈമിലും ബ്രസീലിന്റെ ആക്രമണത്തിരമാലകൾക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധിച്ച, ഒരു ഗോളിനു പിന്നിലായപ്പോൾ സർവ ഞരമ്പുകളിലും പോരാട്ടവീര്യം ആവാഹിച്ച് മിനിറ്റുകൾക്കകം തിരിച്ചടിച്ച ക്രൊയേഷ്യ ഇതാ ഷൂട്ടൗട്ടിലെ രാജാക്കൻമാരായി തലയുയർത്തിപ്പിടിച്ച് ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലേക്ക്. അടിമുടി ആവേശഭരിതമായ ക്വാർട്ടർ ഫൈനലിൽ 4–2നാണ് ക്രൊയേഷ്യയെന്ന കുഞ്ഞുരാജ്യം ലോകഫുട്ബോളിലെ വൻമരമായ ബ്രസീലിന്റെ സ്വപ്നങ്ങൾ അരിഞ്ഞുവീഴ്ത്തിയത്. നേരത്തേ, ഗോൾരഹിതമായ നിശ്ചിതസമയത്തിനും 1–1നു പിരിഞ്ഞ എക്സ്ട്രാ ടൈമിനും ശേഷമായിരുന്നു ഷൂട്ടൗട്ട്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ നെയ്മാർ, രണ്ടാം പകുതിയിൽ ക്രൊയേഷ്യയ്ക്കായി പകരക്കാരൻ ബ്രൂണോ പെറ്റ്കോവിച്ച് എന്നിവരാണ് ഗോൾ നേടിയത്.

ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ചിന്റെ മികവിനു മുന്നിലാണ് ബ്രസീൽ മുട്ടുമടക്കിയത്. പ്രീക്വാർട്ടറിലെ ഷൂട്ടൗട്ടിൽ ജപ്പാനെതിരെയും ലിവകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായിരുന്നു. നിക്കോള വ്‌ലാസിച്ച്, ലോവ്‌റോ മായർ, ലൂക്ക മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കായും കാസെമിറോ, പെഡ്രോ എന്നിവർ ബ്രസീലിനായും ഷൂട്ടൗട്ടിൽ ലക്ഷ്യം നേടി. റോഡ്രിഗോ, മാർക്വിഞ്ഞോസ് എന്നിവരാണ് ബ്രസീലിന്റെ കിക്കുകൾ പാഴാക്കിയത്. റോഡ്രിഗോയുടെ കിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ തടഞ്ഞപ്പോൾ മാർക്വിഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി പുറത്തുപോയി”.

Back to Top