ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎമ്മിലൂടെ തെറ്റായി പണം അയച്ചാലും ഇനി തിരികെ കിട്ടും

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎമ്മിലൂടെ തെറ്റായി പണം അയച്ചാലും ഇനി തിരികെ കിട്ടും
പണം അടയ്ക്കാനും കൈമാറാനുമായി യുപിഐ (UPI) പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ വലിയ വിപ്ലവമായിരുന്നു.
ഒരു ക്യുആര്‍ കോഡ് ഉപയോഗിച്ചോ, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ സ്കാന്‍ ചെയ്യുന്നതിനും, ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഈ ഡിജിറ്റല്‍ രീതി വളരെയധികം സഹായകരമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയ്ക്ക് രാജ്യത്ത് ഇത്രയധികം ജനപ്രിയത നേടാന്‍ കാരണവും ഇത് തന്നെയാണ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ റീട്ടെയില്‍ ശൃംഖലകളില്‍ വരെ, UPI സേവനം പ്രയോജനപ്പെടുത്തുകയാണ്.
വളരെ സുരക്ഷിതമാണെന്നതും സുതാര്യ സംവിധാനമാണെന്നതും ആണ് ഇതിന്റെ പ്രധാന സവിശേഷത. എങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ ചില പിശകുകളിലൂടെ പണം നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം.
അതായത്, തെറ്റായ യുപിഐ ഐഡിയിലേക്കോ അതുമല്ലെങ്കില്‍ അബദ്ധത്തില്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കോ നിങ്ങളും പണം അയച്ചിട്ടുണ്ടാകാം. ഈ അവസരത്തില്‍ നമ്മളെല്ലാവരും പരിഭ്രാന്തരാകാറുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍, ശരിയായ നടപടികള്‍ സ്വീകരിച്ച് നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക വീണ്ടെടുക്കാനാകും. ഡിജിറ്റല്‍ സേവനങ്ങള്‍ വഴി അബദ്ധത്തില്‍ ഇടപാടുകള്‍ ഉണ്ടായാല്‍, പണം അയച്ച വ്യക്തി എന്തെല്ലാം നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ചുവടെ വിവരിക്കുന്നു.
ഫോണ്‍ പേയിലൂടെയോ ഗൂഗിള്‍ പേയിലൂടെയോ അബദ്ധത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത് മറ്റൊരു അക്കൗണ്ടിലേക്ക് പോയാല്‍ ആ വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്‌മെന്റ് സംവിധാനത്തില്‍ പരാതി നല്‍കുക എന്നതാണ്. യുപിഐ സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പണം കൈമാറിയതെങ്കില്‍ ആദ്യം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(NPCI) പോര്‍ട്ടലില്‍ പരാതി നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് UPI ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്ക് പരാതി ഉന്നയിക്കാമെന്ന് എന്‍പിസിഐ പറയുന്നു.
പണം തെറ്റായി അയച്ചാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…
ഇതിനായി നിങ്ങള്‍ npci.org.in എന്ന വെബ്സൈറ്റ് തുറന്ന് ‘Dispute Redressal Mechanism’ ടാബില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കാം. തുടര്‍ന്ന് ‘Compliant’ എന്ന സെക്ഷനില്‍ പരാതി നല്‍കേണ്ട ഫോം ലഭിക്കും. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി, വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സ്, ട്രാന്‍സ്ഫര്‍ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പരാതി അപേക്ഷ നല്‍കേണ്ടത്. ഇതിന് പുറമെ, അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫറായി എന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നല്‍കണം. പരാതിയുടെ കാരണമായി നിങ്ങള്‍ ‘Incorrectly transferred to another account’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഇതില്‍ നടപടിയായില്ലെങ്കില്‍ ഉടനെ തന്നെ പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുക എന്നതാണ്.